Asianet News MalayalamAsianet News Malayalam

കുട്ടികൾക്ക് ദേശീയ, സംസ്ഥാന ധീരത അവാർഡിന് അപേക്ഷിക്കാം; അവസാന തീയതി ഓ​ഗസ്റ്റ് 15

സാമൂഹ്യ തിൻമകൾ, മറ്റ് കുറ്റകൃത്യങ്ങൾ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകട സന്നിധിയിൽ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകൾ പറ്റുമെന്നതും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും പ്രകടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. 

Children can apply for the National and State Bravery Awards
Author
Trivandrum, First Published Aug 3, 2021, 10:56 AM IST

തിരുവനന്തപുരം: കുട്ടികളുടെ ധീരതയ്ക്ക് ദേശീയ ശിശുക്ഷേമ സമിതി (ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ) നൽകുന്ന ദേശീയ ധീരത അവാർഡിനും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന അവാർഡിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോമിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നൽകണം. സംഭവം നടക്കുമ്പോൾ ആറിനും പതിനെട്ട് വയസ്സിനുമിടയ്ക്കുള്ള അർഹരായ കുട്ടികൾക്ക് അപേക്ഷിക്കാം. സാമൂഹ്യ തിൻമകൾ, മറ്റ് കുറ്റകൃത്യങ്ങൾ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകട സന്നിധിയിൽ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകൾ പറ്റുമെന്നതും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും പ്രകടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. 2020 ജൂലൈ ഒന്നിനും 2021 സെപ്തംബർ 30നും ഇടയ്ക്കായിരിക്കണം സംഭവം.

സ്വർണ്ണം, വെള്ളി മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവക്ക് പുറമെ ഒരു ലക്ഷം രൂപ ക്യാഷ് അവാർഡുള്ള ഭരത് അവാർഡ് 75,000 രൂപ വീതമുള്ള മാർക്കണ്‌ഡേയ, ശ്രവൺ, പ്രഹ്‌ളാദ്, ഏകലവ്യ, അഭിമന്യു എന്നീ പേരുകളിലുള്ളതും, നാൽപതിനായിരം രൂപയുടെ ജനറൽ അവാർഡുകളുമടക്കം 25 ദേശീയ ബഹുമതികളാണ് ദേശീയ തലത്തിൽ നൽകുന്നത്. മെഡലും അവാർഡിന് പുറമെ അർഹത നേടുന്ന കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും തുടർന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പടെയുള്ള പഠന ചെലവുകളും ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ  വഹിക്കും. ജേതാക്കൾക്ക് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. അപേക്ഷകരെ സംസ്ഥാന ശിശുക്ഷേമ സമിതി നൽകുന്ന സംസ്ഥാന ധീരതാ അവാർഡിനും പരിഗണിക്കും.

അപേക്ഷാ ഫോം www.iccw.co.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിന്ന് ഫോം ലഭ്യമാണ്. ഇതിനായി 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറിൽ അഡ്രസ് സഹിതം അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ, അവാർഡിനർഹമായ പ്രവൃത്തി സംബന്ധിച്ച് ഇംഗ്ലീഷിൽ തയ്യാറാക്കിയ റിപ്പോർട്ട്, ഇതു സംബന്ധിച്ച പത്രവാർത്തകൾ ഇംഗ്ലീഷിൽ തർജ്ജിമ ചെയ്തത്, മറ്റ് അനുബന്ധ രേഖകളും മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മൂന്ന് സെറ്റ് കോപ്പികൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ അയയ്ക്കണം. 

ദേശീയ ശിശുക്ഷേമ സമിതിയിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 15. അപേക്ഷകൾ ഒക്‌ടോബർ ഒന്നിന് മുമ്പ് സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ലഭിക്കണം. സംസ്ഥാന ശിശുക്ഷേമ സമിതിയായിരിക്കും ദേശീയ അവാർഡിന് ശുപാർശ ചെയ്യുക. അപേക്ഷ അയയ്ക്കുന്ന കവറിന് മുകളിൽ  National/State Bravery Award for Children 2021 എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324939, 2324932, 9447125124.

 

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios