ഗേറ്റ് പരീക്ഷ പാസ്സായതിന് ശേഷം ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ടെക്നിക്കൽ ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. 2019 ൽ ജോലി രാജി വെച്ച് സിവിൽ സർവ്വീസിനായി പരിശ്രമിക്കാൻ തീരുമാനിച്ചു. 

ദില്ലി: കുട്ടിക്കാലം മുതൽ കൂടെക്കൂട്ടിയ സ്വപ്നത്തെ നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് ജാ​ഗൃതി അവസ്തി എന്ന പെൺകുട്ടി. ഇത്തവണത്തെ സിവിൽ സർവ്വീസ് പരീക്ഷയിലെ രണ്ടാം റാങ്ക് ജേതാവ്. ജോലി ഉപേക്ഷിച്ചാണ് ജാ​ഗൃതി തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി പരിശ്രമിച്ചത്. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലായിരുന്നു ജാ​ഗൃതി ജോലി നോക്കിയിരുന്നത്. ദൃഢനിശ്ചയവും കഠിനപരിശ്രമവും ഒന്നു ചേർന്നതാണ് തന്റെ നേട്ടമെന്ന് ജാ​ഗൃതി പറയുന്നു. വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും രണ്ടാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഭോപ്പാലിലെ മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് ഭോപാൽ സ്വദേശിയായ ജാഗൃതി ഇലക്ട്രിക് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയത്. 2016 ൽ ബിരുദം പൂർത്തിയാക്കി. ​ഗേറ്റ് പരീക്ഷ പാസ്സായതിന് ശേഷം ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ടെക്നിക്കൽ ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. 2019 ൽ ജോലി രാജി വെച്ച് സിവിൽ സർവ്വീസിനായി പരിശ്രമിക്കാൻ തീരുമാനിച്ചു. 

ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് ചേര്‍ന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഭോപ്പാലില്‍ മടങ്ങിയെത്തി. 'കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പ്രതിസന്ധിയിലായി. എന്നാൽ പഠനം നിർത്താൻ ഞാൻ തയ്യാറായില്ല. വീട്ടിൽ തിരികെയെത്തി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ആരംഭിച്ചു. പരീക്ഷക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോൾ ഒരു ദിവസം പത്ത് മണിക്കൂർവരെ പഠിച്ചു. 2019 ൽ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയങ്കിലും പ്രിലിമിനറി പോലും കടക്കാൻ സാധിച്ചില്ല. കഠിനാധ്വാനത്തിനൊപ്പം തന്നെ ചിട്ടയായ പഠനവും വേണമെന്ന് മനസ്സിലാക്കി. ചോദ്യപേപ്പറുകൾ പരിശീലിച്ചായിരുന്നു പഠനം. രണ്ടാം തവണ സിവിൽ സർവ്വീസിൽ മികച്ച വിജയം നേടാൻ സാധിച്ചതിൽ വളരെ സന്തോഷം.' ജാ​ഗൃതി പറഞ്ഞു. 

ജോലി ഉപേക്ഷിച്ച് തന്റെ പഠനത്തിന് എല്ലാ പിന്തുണയും നൽകിയ അമ്മ മധുലത അവസ്തിക്കാണ് ഈ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ജാ​ഗൃതി നൽകുന്നത്. 'കഴിഞ്ഞ നാലുവർഷമായി വീട്ടിൽ ആരും ടിവി കാണുന്നില്ല. സഹോദരൻ നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നുണ്ടായിരുന്നു. അമ്മ സ്കൂൾ അധ്യാപികയായിരുന്നു. പക്ഷേ ഞങ്ങളുടെ പഠനത്തെ സഹായിക്കാൻ അമ്മ ജോലി ഉപേക്ഷിച്ചു.' ജാ​ഗൃതിയുടെ വാക്കുകൾ. 

ആദ്യശ്രമത്തിൽ നേട്ടം കൈവരിക്കാൻ സാധിക്കാതെ വന്നപ്പോൾ സങ്കടം തോന്നി. എന്നാൽ ഭാ​ഗ്യത്തെ ശപിക്കരുതെന്നും കൂടുതൽ കഠിനമായി അധ്വാനിക്കൂ എന്നുമാണ് അമ്മ ആശ്വസിപ്പിച്ചത്. അത് ശരിയായിത്തീർന്നു എന്നും ജാ​​ഗൃതി പറയുന്നു. ​ഗ്രാമവികസനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് താൻ മുൻ​ഗണന നൽകാൻ ഉദ്ദേശിക്കുന്നതെന്നും ജാ​ഗൃതി കൂട്ടിച്ചേർത്തു. കഠിനപരിശ്രമം, ചിട്ടയായ പഠനം, ആത്മവിശ്വാസം, അതിയായ ആഗ്രഹം ഈ മൂന്നു കാര്യങ്ങളാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്ന് ജാ​ഗൃതി പറയുന്നു.