ദില്ലി: സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാമനായ പ്രദീപ് സിം​ഗാണ് ഇപ്പോൾ ട്വിറ്ററിൽ താരം. ഐഎഎസ്, ഐപിഎസ്, ഐഎഫ്സി എന്നിവയിലെ 829 ഉദ്യോ​ഗാർത്ഥികളെ പിന്നിലാക്കിയാണ് 29 കാരനായ പ്രദീപ് സിം​ഗ് ഒന്നാമനായത്. ഉന്നത വിജയം നേടിയ എല്ലാവരെയും അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. 

'2019 ലെ സിവിൽ സർവ്വീസ് പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ എല്ലാ മിടുക്കരായ യുവാക്കൾക്കും അഭിനന്ദനം. പൊതുസേവനത്തിന്റെ ആവേശകരവും സംതൃപ്തകരവുമായ ഒരു കരിയർ നിങ്ങളെ കാത്തിരിക്കുന്നു. എന്റെ ആശംസകൾ.' മോദി ട്വീറ്റ് ചെയ്തു. ജതിൻ കിഷോർ, പ്രതിഭ വർമ്മ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ലോക്സഭാ സ്പീക്കർ, അശോക് ​ഗഹ്‍ലോട്ട്, ഐഎഎസ് ഉദ്യോ​ഗസ്ഥർ തുടങ്ങി നിരവധി പേരാണ് ട്വീറ്റിലൂടെ ഇവർക്ക് അഭിനന്ദനമറിയിച്ചിരിക്കുന്നത്. 

ഹരിയാന സ്വദേശിയാണ് പ്രദീപ് സിം​ഗ്. 'ഒരു സ്വപ്നം സത്യമായത് പോലെ തോന്നുന്നു. എന്നെ സംബന്ധിച്ച് വളരെ സന്തോഷകരമായ നിമിഷമാണിത്. ഐഎഎസ് ഉദ്യോ​ഗസ്ഥനാകണമെന്നാണ് ഞാൻ എപ്പോഴും ആ​ഗ്രഹിച്ചിരുന്നത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്ക് വേണ്ടി സേവനം ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നു.' പ്രദീപ് സിം​ഗ് പറഞ്ഞു. മുൻ ​ഗ്രാമത്തലവന്റെ മകനായ പ്രദീപ് സിം​ഗ് പ്രാദേശിക സ്കൂളിലാണ് അടിസ്ഥാന വി​ദ്യാഭ്യാസം പൂർത്തിയാക്കിയത്. മുർതാലിലെ ദീൻ ബന്ധു ഛോട്ടു റാം യൂണിവേഴ്സിറ്റി ഫോർ സയൻസ് ആന്റ് ടെക്നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ എഞ്ചിനീയറിം​ഗ് ബിരുദം നേടി.