തിരുവനന്തപുരം: വിദ്യാർഥികളുമായി സംവദിക്കാൻ പിണറായി വിജയൻ സർവകലാശാല ക്യാംപസുകളിലേക്ക്. ‘നവ കേരളം: യുവ കേരളം’ ആശയ കൂട്ടായ്മയുടെ ഭാഗമായാണ് മുഖ്യമന്ത്രി കേരളത്തിലെ സർവകലാശാലകളിലെ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാൻ എത്തുന്നത്. ഫെബ്രുവരി 6ന് കാലിക്കറ്റ് സർവകലാശാലയിലും 8ന് എം.ജി സർവകലാശാലയിലും മുഖ്യമന്ത്രി എത്തും.

260 കോളജുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കാണ് മുഖ്യമന്ത്രിയുമായി സംവദിക്കാൻ അവസരം. ഉന്നതവിദ്യാഭ്യാസ രംഗത്തെ സർക്കാറിന്റെ നേട്ടങ്ങളെ കുറിച്ചും പുതിയ പരിഷ്കാരങ്ങളെ കുറിച്ചും ചർച്ചകൾ ഉണ്ടാവും. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് പരിപാടിയുടെ ചുമതല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ആശയ കൂട്ടായ്മ സർവകലാശാലകളിൽ നടക്കുന്നത്. വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ഒന്നര മണിക്കൂര്‍ സമയം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.