എറണാകുളം : സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ കോളേജുകളും തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാവിലെ 8.30 മുതൽ 5 മണി വരെയായിരിക്കും കോളേജുകൾ പ്രവർത്തിക്കുക. ശനിയാഴ്ചകളും പ്രവർത്തി ദിവസം ആയിരിക്കും. ഒരു വിദ്യാർത്ഥി പരമാവധി 5 മണിക്കൂർ കോളേജിൽ സമയം ചെലവഴിക്കുന്ന രീതിയിൽ ആയിരിക്കും ക്ലാസുകൾ ക്രമീകരിക്കേണ്ടത്. വിദ്യാർത്ഥികളുടെ എണ്ണം കൂടുതൽ ഉള്ള ക്ലാസ്സുകളിൽ രണ്ട് ഷിഫ്റ്റുകളിൽ ആയി ക്ലാസുകൾ ക്രമീകരിക്കും.

കോളേജുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കോളേജ് ക്യാമ്പസ്സിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്ക് ധരിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തണം. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യാൻ ഉള്ള ക്രമീകരണങ്ങൾ നടത്തണം.
ആർട്സ് ആൻഡ് സയൻസ്, ലോ, സംഗീതം, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, പോളി ടെക്‌നിക്, സർവകലാശാലകൾ എന്നീ സ്ഥാപനങ്ങളിൽ 5,6 സെമെസ്റ്ററുകൾക്ക് മാത്രമേ ആദ്യ ഘട്ടത്തിൽ ക്ലാസുകൾ ആരംഭിക്കൂ.

ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ ക്ലാസ്സ്‌ മുറികൾ, ലബോറട്ടറികൾ, ഹോസ്റ്റലുകൾ, ലാബ് ഉപകരണങ്ങൾ എന്നിവ പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സാനിറ്റൈസ് ചെയ്യണം. ഉപകരണങ്ങൾ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തണം. എല്ലാ സെമെസ്റ്ററിലെയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തുന്നത് അദ്ധ്യാപകർ തുടരണം. ഓൺലൈൻ ക്ലാസ്സുകളിൽ പഠിപ്പിക്കാൻ സാധിക്കാതിരുന്ന സുപ്രധാനമായ പാഠഭാഗങ്ങളും ലബോറട്ടറി ഭാഗങ്ങളും പ്രാധാന്യം നൽകി കൊണ്ടായിരിക്കണം കോളേജിൽ ക്ലാസുകൾ നടത്തേണ്ടത്.

ഹോസ്റ്റലുകളുടെ മെസ്സും പ്രവർത്തനം ആരംഭിക്കാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. യു. ജി. സി നൽകിയിരിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ട് മാത്രമേ  റെസിഡന്ഷ്യൽ ക്യാമ്പസുകളായ ഐ. ഐ. എം. കെ, ഐ. ഐ. ടി. പി, ഐസർ, ഐ. ഐ. എസ്. ടി തുടങ്ങിയ സ്ഥാപനങ്ങൾ  പ്രവർത്തിക്കുവാൻ പാടുള്ളു. 10 ദിവസം പ്രവർത്തനം വിലയിരുത്തിയ ശേഷം പ്രിൻസിപ്പൽമാർ പ്രവർത്തന റിപ്പോർട്ട്‌ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് സമർപ്പിക്കണം. അത് വിലയിരുത്തിയ ശേഷം മറ്റ് സെമെസ്റ്റർ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പ് വരുത്തണം.