വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസില്‍ നിന്ന് എട്ടാം  ക്ലാസാക്കി ഇളവ് ചെയ്യുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം  അംഗീകാരം നല്‍കി.

ദില്ലി: ദക്ഷിണ ഛത്തീസ്ഗഢിലെ (Chattisgarh) ബിജാപൂര്‍, ദന്തേവാഡ, സുക്മ എന്നീ മൂന്ന് ജില്ലകളില്‍ നിന്ന് സി.ആര്‍.പി.എഫില്‍ കോണ്‍സ്റ്റബിള്‍മാരായി (CRPF Constable Recruitment) (ജനറല്‍ ഡ്യൂട്ടി) 400 ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ആവശ്യമായ മിനിമം വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസില്‍ നിന്ന് എട്ടാം ക്ലാസാക്കി ഇളവ് ചെയ്യുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഈ മൂന്ന് ജില്ലകളിലെ ഉള്‍പ്രദേശങ്ങളില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയുടെ വ്യാപകമായ പ്രചാരണത്തിനായി പ്രാദേശിക പത്രങ്ങളില്‍ പരസ്യം നല്‍കുകയും മറ്റ് എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നതിനും പുറമെ, പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ഈ ട്രെയിനികള്‍ക്ക് സി.ആര്‍.പി.എഫ് പ്രൊബേഷന്‍ കാലയളവില്‍ ഔപചാരിക വിദ്യാഭ്യാസവും നല്‍കും. ഛത്തീസ്ഗഢിലെ ബിജാപൂര്‍, ദന്തേവാഡ, സുക്മ എന്നീ മൂന്ന് ജില്ലകളിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള 400 ആദിവാസി യുവാക്കള്‍ക്ക് തൊഴിലവസരം ലഭിക്കും. റിക്രൂട്ട്‌മെന്റിനുള്ള ശാരീരിക മാനദണ്ഡങ്ങളില്‍ ഉചിതമായ ഇളവുകളും ആഭ്യന്തര മന്ത്രാലയം നല്‍കും.

ക്രമസമാധാന പരിപാലനം, കലാപം നേരിടുക, ആഭ്യന്തര സുരക്ഷ നിലനിര്‍ത്തല്‍ തുടങ്ങിയ ചുമതലകള്‍ക്കായി ഉദ്ദേശിച്ചുള്ളതാണ് കേന്ദ്ര സായുധ പോലീസ് സേനകളില്‍ ഒന്നായ സി.ആര്‍.പി.എഫിന്റെ അടിസ്ഥാന ഉദ്ദേശ്യം. നിലവിലെ സാഹചര്യത്തില്‍, ഛത്തീസ്ഗഡിലെ താരതമ്യേന പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് 400 ഗോത്രവര്‍ഗ്ഗ യുവാക്കളെയാണ് കോണ്‍സ്റ്റബിള്‍മാരായി (ജനറല്‍ ഡ്യൂട്ടി) റിക്രൂട്ട് ചെയ്യാന്‍ സി.ആര്‍.പി.എഫ് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദിഷ്ട മിനിമം വിദ്യാഭ്യാസയോഗ്യതയായ പത്താം ക്ലാസ് വിജയിച്ചശേഷം മാത്രമേ അവരെ സര്‍വീസില്‍ സ്ഥിരപ്പെടുത്തുകയുള്ളു. 

അതിനാല്‍ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ഔപചാരിക വിദ്യാഭ്യാസം നല്‍കുകയും അവരുടെ പ്രൊബേഷന്‍ കാലയളവില്‍ പഠന സാമഗ്രികള്‍, പുസ്തകങ്ങള്‍, പരിശീലന സഹായം എന്നിവ നല്‍കുന്നതിന് സി.ആര്‍.പി.എഫ് സാദ്ധ്യമായ എല്ലാ പിന്തുണയും നല്‍കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടുന്നതിന് സൗകര്യമൊരുക്കുന്നതിന്, ആവശ്യമെങ്കില്‍, പ്രൊബേഷന്‍ കാലയളവ് ഉചിതമായി നീട്ടാവുന്നതുമാണ്. പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അവരെ സഹായിക്കുന്നതിനായി ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റുകള്‍ അംഗീകരിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യും.

ഛത്തീസ്ഗഡിലെ ബിജാപൂര്‍, ദാന്തേവാഡ, നാരായണ്‍പൂര്‍, സുഖ്മ എന്നീ നാല് ജില്ലകളില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തുകൊണ്ട് 2016-2017 കാലയളവില്‍ സി.ആര്‍.പി.എഫ് ഒരു ബസ്തരിയ ബറ്റാലിയന്‍ രൂപീകരിച്ചിരുന്നു. എന്നിരുന്നാലും, ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, അതായത് പത്താം ക്ലാസ് വിജയിക്കണമെന്നത്, പാലിക്കാത്തതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള സ്വദേശി യുവാക്കള്‍ക്ക് റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.