എസ്.ടി.പി.ഐയുടെ 'STPI Skill Up' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ടെക്നോപാർക്കിലെ എസ്.ടി.പി.ഐ. കേന്ദ്രത്തിലാണ് പൂർണ്ണമായും ഓഫ്ലൈൻ രീതിയിലുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം: ഐടി, സാങ്കേതിക മേഖലയിലെ തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങൾ സംയുക്തമായി പുതിയ പരിശീലന പദ്ധതിക്ക് തുടക്കമിടുന്നു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യയുടെയും (STPI) കേരള സർക്കാരിന്റെ ഐ.ടി. നൈപുണ്യ വികസന ഏജൻസിയായ ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെയും (ICTAK) സഹകരണത്തോടെ ‘സെർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്’ കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
എസ്.ടി.പി.ഐയുടെ 'STPI Skill Up' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ടെക്നോപാർക്കിലെ എസ്.ടി.പി.ഐ. കേന്ദ്രത്തിലാണ് പൂർണ്ണമായും ഓഫ്ലൈൻ രീതിയിലുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ടയർ-2, ടയർ-3 നഗരങ്ങളിലുള്ള ഉദ്യോഗാർത്ഥികളുടെ നൈപുണ്യം വർദ്ധിപ്പിക്കുകയും സൈബർ സുരക്ഷാ മേഖലയിൽ പ്രാപ്തരാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നാല് മാസത്തെ പരിശീലനവും ഒരു മാസത്തെ ഇന്റേൺഷിപ്പും അടങ്ങുന്നതാണ് 500 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സ്. ലിനക്സ്, ക്രിപ്റ്റോഗ്രഫി, പെനട്രേഷൻ ടെസ്റ്റിംഗ്, വെബ് ആപ്ലിക്കേഷൻ സുരക്ഷ, Nmap, Wireshark, Metasploit തുടങ്ങിയ ഉപകരണങ്ങളിലെ പ്രായോഗിക പരിശീലനം എന്നിവയ്ക്ക് പുറമേ പ്രത്യേക ക്യാപ്സ്റ്റോൺ പ്രോജക്ടും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ യോഗ്യത
- എഞ്ചിനീയറിംഗ്/സയൻസ് ബിരുദധാരികൾക്കും 3 വർഷത്തെ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഫലം കാത്തിരിക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്കും അവസരമുണ്ട്.
- സ്കോളർഷിപ്പ് പരീക്ഷ വഴി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സ് ഫീസിൽ സ്കോളർഷിപ്പ് ലഭിക്കും.
- വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐസിടി അക്കാദമിയുടെ പ്ലേസ്മെന്റ് പിന്തുണയും LinkedIn Learning, Unstop പ്ലാറ്റ്ഫോമുകളുടെ പ്രീമിയം ആക്സസും ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ഒക്ടോബർ 25-ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി https://ictkerala.org/op/stpi-csa അല്ലെങ്കിൽ https://skillup.stpi.in/ എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് +91 94 000 63499 എന്ന നമ്പറിലോ ictaksupport4@ictkerala.org എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
