തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവർ, ഓട്ടിസം ബാധിച്ചവർ, രോഗം കാരണം അക്ഷയ കേന്ദ്രങ്ങളിൽ എത്താൻ സാധിക്കാത്തവർ തുടങ്ങി വിവിധ കാരണങ്ങളാൽ ആധാർ എടുക്കാൻ കഴിയാത്തവരും സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാൻ അർഹതയുള്ളവരുമായ പുതിയ അപേക്ഷകരുടെ എൻട്രിക്ക് അനുമതിയായി.

ആധാർ എടുക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ആധാർ എൻറോൾമെന്റ് ഏജൻസിയിൽ (അക്ഷയ) നിന്നും ഒരു മാസത്തിനുള്ളിൽ ലഭിച്ച രേഖ, അപേക്ഷകൻ മറ്റു പെൻഷനുകൾ വാങ്ങുന്നില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിക്കണം.

മാനസിക വെല്ലുവിളി നേരിടുന്നവർ/ഓട്ടിസം ബാധിച്ചവർ, രോഗാധിക്യം കാരണം ആധാർ എൻറോൾമെന്റ് ഏജൻസിയിൽ എത്താൻ കഴിയാത്തവർ, മാനസിക രോഗം/ഓട്ടിസം ബാധിച്ച വ്യക്തിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ്, അപേക്ഷകന് ആധാർ എടുക്കുന്നതിനായി ആധാർ എൻറോൾമെന്റ് ഏജൻസിയിൽ എത്തുന്നതിനോ ഏജൻസി മുഖേന വീട്ടിൽ വന്ന് ആധാർ എടുക്കുന്നതിനോ സാധിക്കുന്നില്ലെന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ/ അസിസ്റ്റന്റ് സർജനിൽ കുറയാതെയുള്ള ഗവൺമെന്റ് ഡോക്ടറുടെ സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ പകർപ്പ്, അപേക്ഷകൻ മറ്റു പെൻഷനുകൾ വാങ്ങുന്നില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിക്കണം.