തിരുവനനന്തപുരം: നവംബർ 20 21 തീയതികളിൽ നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് മുഖ്യപരീക്ഷയ്ക്ക് സംസ്ഥാനത്താകെ 19 കേന്ദ്രങ്ങൾ സജ്ജം. പിഎസ്‍സിയാണ് നടത്തുന്ന പരീക്ഷ എഴുതുന്നത് 3000ത്തിലധികം പേരാണ്. തിരുവനന്തപുരത്തു 4, കൊല്ലത്തും കൊച്ചിയിലും 2 വീതം 
പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. മറ്റു ജില്ലകളിൽ ഓരോ കേന്ദ്രം വീതം തയ്യാറാക്കിയിട്ടുണ്ട്. 

കെഎഎസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പ് എടുക്കുന്നതിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിച്ചവരിൽ ഭൂരിപക്ഷം പേർക്കും ഫലം നൽകിക്കഴിഞ്ഞതായി പിഎസ്‌സി അറിയിച്ചിട്ടുണ്ട്. ഇനി അറുപതോളം അപേക്ഷകർക്കാണ് നൽകാനുള്ളത്. ഇവർ നിശ്ചിത സമയത്തിനകം ഫീസ് അടച്ചെങ്കിലും അപേക്ഷകൾ പിഎസ്‌സിയുടെ പരിഗണനയ്ക്കു ലഭിക്കാൻ വൈകി. ഇവർക്ക് ഉടനെ ഫലവും പകർപ്പും നൽകുമെന്നും അധികൃതർ അറിയിച്ചു.

ഒന്നും രണ്ടും സ്ട്രീമുകളിൽ നിന്നു പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടിയവരാണു മെയിൻ പരീക്ഷ എഴുതുന്നത്. മൂന്നാം സ്ട്രീമിൽനിന്നുള്ള നിയമന നടപടികൾ കേസ് മൂലം നീളുകയാണ്. ഡപ്യൂട്ടി കലക്ടർ (സ്പെഷൽ റിക്രൂട്മെന്റ്) ഫൈനൽ പരീക്ഷയും കെഎഎസ് പരീക്ഷയ്ക്കൊപ്പം നടത്തുന്നുണ്ട്.