Asianet News MalayalamAsianet News Malayalam

'ചരിത്ര ​ഗവേഷകയാകണം, രാജ്യത്തെക്കുറിച്ച് കൂടുതലറിയണം'; പരീക്ഷയില്‍ മുഴുവൻ മാർക്കും നേടി ദിവ്യാൻഷി പറയുന്നു...

ആവർത്തിച്ചുള്ള പഠനവും പരിശീലന പരീക്ഷകളുമാണ് ഇത്രയും മികച്ച വിജയം നേടാൻ തന്നെ സഹായിച്ച ഘടകങ്ങളെന്ന് ദിവ്യാൻഷി ആത്മവിശ്വാസത്തോടെ പറയുന്നു.

divyanshi jain says to be a history researcher topper in cbse exam
Author
Lucknow, First Published Jul 14, 2020, 12:09 PM IST

ലക്നൗ: വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു 2020. കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ പ്രഖ്യാപനവും പരീക്ഷ മാറ്റി വയ്ക്കലും സ്കൂൾ അടച്ചുപൂട്ടലും എല്ലാം വിദ്യാഭ്യാസ രം​ഗത്തെ വളരയെധികം പ്രതിസന്ധിയിലാക്കിയ വർഷം കൂടിയായിരുന്നു ഇത്. എന്നാൽ ഈ പ്രതിസന്ധികളെല്ലാം മറികടന്ന് സിബിഎസ് ഇ പരീക്ഷയിൽ മിന്നുന്ന വിജയം കരസ്ഥമാക്കിയിരിക്കുകയാണ് ലക്നൗവിൽ നിന്നുള്ള ദിവ്യാൻഷി ജെയിൻ എന്ന പെൺകുട്ടി. 600 ൽ 600 മാർക്കും നേടിയാണ് ദിവ്യാൻഷിയുടെ വിജയം. 

ലക്നൗവിലെ നവ്‍യു​ഗ് റേഡിയൻസ് സീനിയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ദിവ്യാൻഷി ജെയിൻ. 'എല്ലാ ദിവസവും പ്രാർത്ഥനയോടെ കഠിനാധ്വാനം ചെയ്തു. ഓരോ വിഷയത്തിനും കുറിപ്പുകൾ തയ്യാറാക്കിയാണ് പഠിച്ചത്. വളരെ ചെറിയ കുറിപ്പുകളായതിനാൽ ഓർത്തിരിക്കാനും സാധിച്ചു. വേ​ഗത്തിലും മികച്ച രീതിയിലും പാഠങ്ങൾ പഠിക്കാൻ ഈ കുറിപ്പുകളാണ് സഹായിച്ചത്.' വിജയ വഴികളെക്കുറിച്ച് ദിവ്യാൻഷി പറഞ്ഞു. 

ഭാവിയിൽ ചരിത്ര ​ഗവേഷകയാകാനാണ് ദിവ്യാൻഷിയുടെ ആ​ഗ്രഹം. കൂടാതെ നമ്മുടെ രാജ്യത്തിന്റെ ഭൂതകാലത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കണമെന്നും എഎൻഐയോട് സംസാരിക്കവേ ദിവ്യാൻഷി പറഞ്ഞു. പഠനത്തിനായി ഒരു ദിവസം എത്ര മണിക്കൂറുകൾ ചെലവാക്കിയെന്ന് കൃത്യമായ കണക്കുകളൊന്നും ദിവ്യാൻഷിക്ക് അറിയില്ല. എന്നാൽ എല്ലാ വിഷയങ്ങളും ആവർത്തിച്ച് പഠിച്ചു എന്ന് ഉറപ്പ് പറയുന്നു. പഠിച്ച കാര്യങ്ങൾ എത്രമാത്രം മനസ്സിലാക്കാൻ സാധിച്ചു എന്നറിയാൻ വേണ്ടിയാണ് ആവർത്തിച്ചുള്ള പഠനം നടത്തിയത്. പഠിച്ച കാര്യങ്ങളെല്ലാം സൂക്ഷ്മമായി തന്നെ വിശകലം ചെയ്തു.

ആവർത്തിച്ചുള്ള പഠനവും പരിശീലന പരീക്ഷകളുമാണ് ഇത്രയും മികച്ച വിജയം നേടാൻ തന്നെ സഹായിച്ച ഘടകങ്ങളെന്ന് ദിവ്യാൻഷി ആത്മവിശ്വാസത്തോടെ പറയുന്നു. ​ഗൈഡുകളേക്കാൾ കൂടുതൽ എൻസിഇആർടി പുസ്തകങ്ങളെയാണ് കൂടുതൽ ആശ്രയിച്ചത്. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മാതാപിതാക്കൾക്കും അധ്യാപകർക്കുമാണെന്ന് ദിവ്യാൻഷി കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാവിലെയാണ് സിബിഎസ്ഇ ഫലം പ്രസിദ്ധീകരിച്ചത്. 38000വിദ്യാർത്ഥികളാണ് 95 ശതമാനത്തിന് മുകളിൽ നേടി വിജയിച്ചത്. 1.6 ലക്ഷം വിദ്യാർത്ഥികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. 88.78 ആണ് മൊത്തത്തിലുള്ള വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൽ 5.38 ശതമാനം കൂടുതലാണിത്.  


 

Follow Us:
Download App:
  • android
  • ios