ദില്ലി: ഏറോസ്‌പേസ് എന്‍ജിനീയറിംഗ്, ഏറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ്, സ്‌പേസ് എന്‍ജിനീയറിംഗ് ആന്‍ഡ് റോക്കറ്റ്ട്രി, ഏവിയോണിക്‌സ്, എയര്‍ ക്രാഫ്റ്റ് എന്‍ജിനീയറിംഗ് തുടങ്ങിയ കോഴ്‌സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍. പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) ആണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. എയറോറോനോട്ടിക്‌സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ബോര്‍ഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ജൂലൈ 19 മുതല്‍ സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് https://rac.gov.in.

ബിരുദപഠനത്തിന് വര്‍ഷം 1,20,000 രൂപ അല്ലെങ്കില്‍ യഥാര്‍ഥ ഫീസ് ആണ് സ്‌കോളര്‍ഷിപ്പ് തുക. പരമാവധി നാലു വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. പിജി പഠനത്തിന് മാസം 15,500 രൂപ. വര്‍ഷം പരമാവധി 1,86,000 എന്ന വ്യവസ്ഥയ്ക്കു വിധേയമായി പരമാവധി രണ്ടു വര്‍ഷത്തേക്ക്. യുജി തലത്തില്‍ 20-ഉം, പിജി തലത്തില്‍ 10-ഉം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും.

യുജി: ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനിയറിങ്) കോഴ്‌സില്‍ 2019-’20-ല്‍ ആദ്യവര്‍ഷത്തില്‍ ആകണം. ജെ.ഇ. ഇ. (മെയിന്‍) യോഗ്യതയില്‍ സാധുവായ സ്‌കോര്‍ വേണം. ഡ്യുവല്‍ ഡിഗ്രി/ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പഠനം നടത്തുന്നവര്‍ക്കും അപേക്ഷിക്കാം.

പിജി: എം.ഇ./എം.ടെക്./എം.എസ്സി. (എന്‍ജിനിയറിങ്) കോഴ്‌സില്‍ 2019-’20 -ല്‍ ആദ്യ വര്‍ഷത്തില്‍ ആകണം. യോഗ്യതാ പരീക്ഷയില്‍ (ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനിയറിങ്/തത്തുല്യം), 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഗേറ്റ് സ്‌കോര്‍ മെറിറ്റ് പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.