ദില്ലി: കോവിഡ്-19 രോഗവ്യാപന ഭീഷണി മൂലം നിർത്തിവെച്ച അഭിമുഖങ്ങൾ ഓഗസ്റ്റ് 31-നകം പൂർത്തിയാക്കുമെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്പമെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ). ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങ് വിഭാഗത്തിലെ തിരഞ്ഞെടുപ്പിനായി മാർച്ച് 21 മുതൽ 24 വരെ നടത്താനിരുന്ന അഭിമുഖമാണ് കോവിഡ് ഭീതിയെത്തുടർന്ന് മാറ്റി വെച്ചത്.

സയന്റിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖങ്ങൾ ഇപ്പോൾ നടക്കുകയാണെന്നും ഓഗസ്റ്റ് 31-നകം പൂർത്തിയാകുമെന്നും ഡി.ആർ.ഡി.ഒ വ്യക്തമാക്കി. ഈ തസ്തികയിലെ തിരഞ്ഞെടുപ്പിനായി തെറ്റായ ഗേറ്റ് സ്കോർ നൽകിയതിന്റെ പേരിൽ ആറു ഉദ്യോഗാർഥികളെ നേരത്തെ ഡി.ആർ.ഡി.ഒ അയോഗ്യരാക്കിയിരുന്നു.

മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിലേക്ക് നടത്താനിരുന്ന പരീക്ഷകൾ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാകുന്നതിന് പിന്നാലെ, മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്നും ഡി.ആർ.ഡി.ഒ അറിയിച്ചു.