തിരുവനന്തപുരം: ഫയർ ആന്റ് റെസ്ക്യൂ സർവ്വീസിൽ ഫയർമാൻ (ട്രെയിനി) പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ പരീക്ഷകളുടെ ചോദ്യപേപ്പർ മലയാളത്തിൽ തയ്യാറാക്കാൻ‌ പിഎസ്‍സി തീരുമാനിച്ചു. പ്ലസ് ടൂ വരെ അടിസ്ഥാന യോ​ഗ്യത നിശ്ചയിച്ച തസ്തികകളുടെ പരീക്ഷ മലയാളത്തിൽ നടത്തുമെന്ന മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പരീക്ഷകൾക്കും മലയാളത്തിൽ ചോദ്യം തയ്യാറാക്കുന്നത്. സിവിൽ പൊലീസ് ഓഫീസർ പരീക്ഷ ജൂണിലോ ജൂലൈയിലോ നടത്തുമെന്ന് വിജ്ഞാപനത്തിൽ പിഎസ്‍സി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ‌ ഫയർമാൻ തസ്തികയുടെ വിജ്ഞാപനത്തിൽ പരീക്ഷാത്തീയതിയുടെ കാര്യം പരാമർശിച്ചിട്ടില്ല. 

15/10/2019 ലെ ​ഗസറ്റിലാണ് ഫയർമാൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അതിനാൽ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയ്ക്ക് മുമ്പ് ഈ തസ്തികയുടെ പരീക്ഷ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇം​ഗ്ലീഷിലാണ് മുമ്പ് പരീക്ഷ നടത്തിയിരുന്നത്. എന്നാൽ മലയാളത്തിലാകുമ്പോഴും സിലബസ്സിൽ മാറ്റമൊന്നും വരുന്നില്ല. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം എന്നിവയിൽ നിന്ന് 60 ചോദ്യങ്ങളും ​ഗണിതം, മാനസിക ശേഷി പരിശോധന, ജനറൽ ഇം​ഗ്ലീഷ് എന്നിവയിൽ നിന്ന് 20 വീതം ചോദ്യങ്ങളുമാണ് ഈ പരീക്ഷയിൽ ഉൾപ്പെടുത്തുക.