കൊച്ചി: ബാർ കൗൺസിൽ ചരിത്രത്തിലാദ്യമായി ഓൺലൈനായി അഭിഭാഷകരുടെ എൻ‍റോൾമെന്റ് ചടങ്ങ്. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിലാണ് നടപടി. 785 നിയമവിദ്യാർത്ഥികളാണ് ഇന്ന് വീട്ടിലിരുന്ന് അഭിഭാഷകരായി എൻറോൾ ചെയ്തത്. എറണാകുളത്തെ ഓഫീസിലിരുന്ന് ബാർ കൗൺസിൽ ചെയർമാൻ സത്യവാചകം ചൊല്ലികൊടുത്തു. സംസ്ഥാനത്തിന്‍റെ പല ഇടങ്ങളിൽ നിന്ന് അവർ 785 പേർ അത്ഏറ്റ് ചൊല്ലി. ഇങ്ങനെയായിരുന്നു കൊവിഡ് 19 കാലത്തെ അഭിഭാഷകരുടെ എൻറോൾ ചടങ്ങ്. 

ഹൈക്കോടതിയിൽ നിയമവിദഗ്ധരുടെയും, കുടുംബാംഗങ്ങളുടെയും മുന്നിൽ വെച്ച് പ്രൗഡമായ നടന്നിരുന്ന ചടങ്ങാണ് ഇക്കുറി ഓൺലൈനായത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ആയിരക്കണക്കിന് നിയമ വിദ്യാർത്ഥികളാണ് എൻ‍റോൾമെന്റ് നടത്താനാകാതെ പ്രതിസന്ധിയിലായതിനേത്തുടര്‍ന്ന് തൃശൂർ കൂർക്കഞ്ചേരി സ്വദേശിയും നിയമബിരുദധാരിയുമായ ഹരികൃഷ്ണൻ കെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു വിര്‍ച്വലായി എന്‍റോള്‍മെന്‍റ് നടത്താന്‍ അനുമതി ലഭിച്ചത്. 

 ഏപ്രിൽ മാസത്തിലാണ് തിയതി നിശ്ചയിച്ചിരുന്നത്. കൊവിഡ് 19 നിര്‍ദേശങ്ങള്‍ അനുസരിച്ച് സാമൂഹ്യ അകലം പാലിക്കാന്‍ അടുത്ത കാലത്തൊന്നും കൂട്ടം ചേരുന്ന പരിപാടികളൊന്നും നടത്താനാകില്ലെന്ന് വന്നതോടെയാണ് പരിപാടി ഓൺലൈനാക്കാന്‍  ഹൈക്കോടതി നിർദ്ദേശിച്ചത്. പല തവണ ട്രയൽ നടത്തിയ ശേഷമായിരുന്നു സിഡ്കോ വെബ് എക്സ് ആപ്ലിക്കേഷൻ വഴി ചടങ്ങ് നടത്തിയത്. അഡ്വക്കേറ്റ് ജനറൽ സുധാകർ പ്രസാദും സന്നിഹിതമായിരുന്നു.