തിരുവനന്തപുരം: പിഎസ് സി നടത്തിയ ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷയുടെ ഉത്തര സൂചികക്കെതിരെ ​ഗുരുതര പരാതിയുമായി ഉദ്യോഗാർത്ഥികൾക്ക് പരാതി. 2020 സെപ്റ്റംബർ 28 നായിരുന്നു പരീക്ഷ. ഈ പരീക്ഷയുടെ ഉത്തരസൂചികയിലാണ് ​ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന് ഉദ്യോ​ഗാർത്ഥികളുടെ ആരോപണം. പിഎസ്‍സി പ്രസിദ്ധീകരിച്ച ഫൈനൽ ആൻസർ കീയിൽ ശരിയുത്തരമുള്ള ചോദ്യങ്ങൾ ക്യാൻസലായി, പ്രൊവിഷണൽ കീ അനുസരിച്ച് തെറ്റാന്നെന്ന് പരാതിപ്പെട്ട ഉത്തരങ്ങൾ തിരുത്തിയില്ല എന്നിവയാണ് ഉദ്യോഗാർത്ഥികൾ പറയുന്ന പരാതികൾ. 

പ്രാഥമിക ഉത്തര സൂചിക പുറത്തു വന്ന സമയത്ത് ഇവയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് ഉദ്യോ​ഗാർത്ഥികൾ പിഎസ്‍സിക്ക് പരാതി നൽകിയിരുന്നു. എന്നാൽ മറുപടി ലഭിച്ചില്ലെന്ന് പരീക്ഷാർത്ഥികളിലൊരാൾ പറയുന്നു. ഏകദേശം ആറോളം ചോദ്യങ്ങളുടെ ഉത്തരങ്ങളിലാണ് പരാതിയുള്ളത്.  കേരളത്തിലാകെ 21000 ത്തിലധികം ഉദ്യാ​ഗാർത്ഥികളാണ് ഈ പരീക്ഷയെഴുതിയത്. മുൻലിസ്റ്റിൽ 1227 പേരെയാണ് പിഎസ്‍സി ഉൾപ്പെടുത്തിയത്. എന്നാൽ പിന്നീട് ഷോർട്ട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 125 പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഒഴിവുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‍സിക്ക് ഉദ്യോ​ഗാർത്ഥികൾ പരാതി നൽകിയിരുന്നു. 

ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഫുഡ് സേഫ്റ്റി ഓഫീസർ തസ്തികയുടെ വിജ്ഞാപനം പുറപ്പെടുവിക്കുന്ന സമയത്ത് ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിരുന്നില്ല. 25 ഒഴിവുകളുണ്ടെന്നിരിക്കെ നാല് ഒഴിവുകൾ മാത്രമാണ് പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് വിവരാവകാശ നിയമപ്രകാരം അറിയാൻ സാധിച്ചതായി ഉദ്യോ​ഗാർത്ഥികൾ വെളിപ്പെടുത്തുന്നു. പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകൾ 14 ആണ്. ഒരു മാർക്ക് പോലും വളരെ നിർണ്ണായകമാകുന്ന മത്സര പരിക്ഷയിൽ പിഎസ്‍‍സിയുടെ ഇത്തരത്തിലുള്ള പ്രവൃത്തിയിലൂടെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ജോലി എന്ന സ്വപ്നമാണ് ഇല്ലാതായിരിക്കുന്നതെന്ന് ഉദ്യോ​ഗാർത്ഥികൾ ഒന്നടങ്കം പറയുന്നു.