മഹാരാഷ്ട്ര: ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹത്തിന്റെ ആദ്യ പടി പിന്നിട്ടതിന്റെ സന്തോഷത്തിലാണ് അപേക്ഷ കാലെ എന്ന പെൺകുട്ടി. 
ഐഎഎസ് ഉദ്യോ​ഗസ്ഥയാകാനാണ് അപേക്ഷയുടെ ആ​ഗ്രഹം. അതിനുള്ള ആദ്യപടിയായ എസ്എസ്‍സി പരീക്ഷയിൽ ഈ പെൺകുട്ടി നേടിയത് 98.6 ശതമാനം മാർക്കാണ്. നിർമ്മാണ കമ്പനിയിൽ പ്യൂണായി ജോലി നോക്കുകയാണ് അപേക്ഷയുടെ അച്ഛൻ. പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്താൻ പുസ്തകങ്ങൾ വാങ്ങാൻ പണമുണ്ടായിരുന്നില്ല. അതിനാൽ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളായ വിദ്യാർത്ഥികളിൽ നിന്നും പുസ്തകം കടം വാങ്ങിയാണ് അപേക്ഷ കല പഠിച്ചത്. 

വീടിന്റെ ടെറസ്സിലിരുന്നാണ് പഠിച്ചത്.  പഠിക്കാനിരിക്കാൻ അപേക്ഷയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലവും ഇതു തന്നെ. ഫെർ​ഗുസൺ ജൂനിയർ കോളേജിൽ സയൻസ് വിഷയത്തിൽ  തുടർന്നു പഠിക്കാനാണ് അപേക്ഷയുടെ തീരുമാനം. ഇവിടെ അഡ്മിഷൻ ലഭിക്കാൻ തനിക്ക് ലഭിച്ച മാർക്ക് മതിയാകുമെന്ന് ഈ പെൺകുട്ടിക്ക് വിശ്വാസമുണ്ട്. കയ്യിലുണ്ടായിരുന്ന കുറച്ച് പുസ്തകങ്ങൾ ഉപയോ​ഗിച്ച് ഞാൻ പഠനം ആരംഭിച്ചിരുന്നു. അതിന് പുറമെ യൂട്യൂബിൽ പഠനത്തെ സംബന്ധിച്ച സൗജന്യ വീഡിയോകളും കാണാറുണ്ടായിരുന്നു. വളരെ തുച്ഛമായ സാഹചര്യത്തിൽ നിന്ന് മികച്ച വിജയത്തിലേക്ക് എത്താൻ അപേക്ഷയെ സഹായിച്ചത് ഇവയൊക്കെയാണ്.

ഇത്രയും മികച്ച വിജയം മകൾക്ക് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അപേക്ഷയുടെ അച്ഛൻ താനാജി ബാബുറാവു കാലെ പറയുന്നു. കൺസ്ട്രക്ഷൻ കമ്പനിയിൽ പ്യൂണായി ജോലി നോക്കുകയാണ് ഞാൻ. വൈകുന്നേരങ്ങളിൽ ഞങ്ങൾ‌ താമസിക്കുന്ന കെട്ടിടത്തിന് സമീപം മറ്റ് ജോലികളും ചെയ്യും. വളരെ അർപ്പണബോധത്തോടെയാണ് അവൾ പഠിക്കുന്നത്. അവളോട് പഠിക്കാൻ ആരും ആവശ്യപ്പെടേണ്ടി വന്നിട്ടില്ല. എല്ലാക്കാര്യങ്ങളും കൃത്യമായി ചെയ്യും. കുറച്ച് സമയം വിശ്രമിച്ചിട്ട് പഠിക്കാൻ പറഞ്ഞാൽ മാത്രമേ അവളങ്ങനെ ചെയ്യൂ. അപേക്ഷയുടെ അച്ഛന്റെ വാക്കുകൾ. 

മകൾക്കേറ്റവും ഇഷ്ടപ്പെട്ട പാവ്ബജി വാങ്ങിയാണ് ഈ വിജയം ആഘോഷിച്ചതെന്ന് പിതാവ് പറയുന്നു. സിനിമയും പാട്ടും സൈക്കിളിം​ഗുമായിരുന്നു ലോക്ക് ഡൗൺ കാലത്തെ അപേക്ഷയുടെ വിനോദങ്ങൾ. ലോക്ക് ഡൗൺ മൂലം പല കാര്യങ്ങളും മാറ്റി വയ്ക്കേണ്ടി വന്നു. വാട്ടർപാർക്കിൽ പോകണമെന്ന് ആ​ഗ്രഹിച്ചിരുന്നതാണ്. അതുപോലെ കംപ്യൂട്ടർ ക്ലാസിലും സ്പോക്കൺ ഇം​ഗ്ലീഷ് ക്ലാസിലും ചേർന്ന് പഠിക്കാനും ലൈബ്രറിയിൽ അം​ഗത്വമെടുക്കാനും ആ​ഗ്രഹിച്ചിരുന്നു. അപേക്ഷ പറഞ്ഞു. അപേക്ഷയ്ക്ക് രണ്ട് സഹോദരങ്ങളുമുണ്ട്. തനിക്ക് ലഭിച്ച മാർക്കിനെ കുറിച്ച് അറി‍ഞ്ഞപ്പോൾ ഇളയ സഹോദരനായ യാഷ് വീടിന് ചുറ്റും ഓടി നടന്ന് നൃത്തം ചെയ്യുകയായിരുന്നു എന്ന് അപേക്ഷ പറയുന്നു.