Asianet News MalayalamAsianet News Malayalam

സര്‍ക്കാരിന്‍റെ ഗ്രാന്‍ഡ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ച്; അപേക്ഷ ക്ഷണിച്ച് കെഎസ് യുഎം; വിജയിക്ക് 50 ലക്ഷം രൂപ

ഡിസംബര്‍ 15,16 തീയതികളില്‍ കോവളത്ത് നടക്കുന്ന കെഎസ് യുഎമ്മിന്‍റെ ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തോടനുബന്ധിച്ചാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. 

grand Kerala start up challenge
Author
First Published Dec 2, 2022, 12:14 PM IST

തിരുവനന്തപുരം: വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ ധനസഹായ പദ്ധതിയായ ഗ്രാന്‍ഡ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഗ്രാന്‍ഡ് ചലഞ്ചില്‍ വിജയിയാകുന്ന സ്റ്റാര്‍ട്ടപ്പിന് 50 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. കൂടാതെ വിജയിയാകുന്ന സ്റ്റാര്‍ട്ടപ്പിനെ കേരളത്തിന്‍റെ അഭിമാന സ്റ്റാര്‍ട്ടപ്പായി പ്രഖ്യാപിക്കുകയും ചെയ്യും.  ഡിസംബര്‍ 15,16 തീയതികളില്‍ കോവളത്ത് നടക്കുന്ന കെഎസ് യുഎമ്മിന്‍റെ ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തോടനുബന്ധിച്ചാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. 

ഫിന്‍ടെക്, സൈബര്‍ സ്പേസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എ ഐ) & മെഷീന്‍ ലേണിംഗ്, സ്പേസ് ടെക്, മെഡ്ടെക്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിക്ഷേപ സൗഹൃദവും വളര്‍ച്ചാ സാധ്യതയുള്ളതുമായ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവയെ യൂണികോണ്‍ ആക്കി മാറ്റാനും സ്റ്റാര്‍ട്ടപ്പ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കും. പുതിയ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യയും ബിസിനസ് മോഡലുകളുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ പദ്ധതി ഗുണകരമാകും.

പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ് യുഎമ്മിന്‍റെ യുണീക്ക് ഐഡി നിര്‍ബന്ധമാണ്. സ്റ്റാര്‍ട്ടപ്പ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആകുന്നതിനൊപ്പം അതിന്‍റെ ബിസിനസ് മൂല്യം 20 കോടി രൂപ വരെയാകണം. കൂടാതെ 50 ലക്ഷം രൂപയെങ്കിലും എയ്ഞ്ചല്‍ അല്ലെങ്കില്‍ വിസി ഫണ്ട് സമാഹരിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളുമായിരിക്കണം. ഓണ്‍ലൈനായാണ് പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 5. രജിസ്ട്രേഷന്:  https://huddleglobal.co.in/grandkerala/.

സ്റ്റാര്‍ട്ട്അപ് റാങ്കിംഗ് ടോപ് പെർഫോർമർ പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന്

 


 

Follow Us:
Download App:
  • android
  • ios