Asianet News MalayalamAsianet News Malayalam

എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു, ഇവയാണ്...

പരീക്ഷ നടത്തിപ്പിനും പരീക്ഷയ്ക്കും തയ്യാറെടുക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങളാണ് യോഗത്തിൽ പ്രഖ്യാപിച്ചത്. 

guidelines published for sslc and plus two examination
Author
Thiruvananthapuram, First Published Dec 25, 2020, 11:48 AM IST

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു ക്ലാസ്സുകളിലെ പൊതുപരീക്ഷകൾ മാർച്ച് 17ന് ആരംഭിക്കുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പരീക്ഷ നടത്തിപ്പിനും പരീക്ഷയ്ക്കും തയ്യാറെടുക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങളാണ് മന്ത്രി സി. രവീന്ദ്രനാഥ്‌ വിളിച്ചു ചേർത്ത യോഗത്തിൽ പ്രഖ്യാപിച്ചത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എ.സി.ആർ.ടി. ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗ തീരുമാനങ്ങൾ ഇവയാണ്.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍

1) കോവിഡ് സാഹചര്യത്തിൽ വീഡിയോ മോഡിലൂടെ എല്ലാ പാഠഭാഗങ്ങളും കുട്ടികളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇവ 2021 ജനുവരി 31-നുള്ളിൽ പൂർത്തീകരിക്കണം.

2) ജനുവരി 1 മുതൽ 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ഷിഫ്റ്റായി സ്കൂളുകളിൽ എത്തിച്ചേരാവുന്നതാണ്. അതിനാവശ്യമായ ക്രമീകരണം ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ അതാത് സ്കൂളിന്റെ സാഹചര്യത്തിനനുസരിച്ച് തയ്യാറാക്കേണ്ടതാണ്.

3) ജനുവരി 1 മുതൽ മാർച്ച് 16 വരെ കുട്ടികൾക്ക് ക്ലാസ്സ്റൂം പഠനത്തിന് അവസരമൊരുക്കണം. ഈ സമയത്ത് ലഭ്യമാകുന്ന ദിവസങ്ങൾ പരിഗണിച്ച് നേരിട്ടുള്ള ക്ലാസ്സ് റൂം അനുഭവത്തിന് ഏതെല്ലാം പാഠഭാഗങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ന് സ്കൂളുകളെ 2020 ഡിസംബർ 31-നകം അറിയിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്സൈറ്റുകളിൽ ഇത് പ്രസിദ്ധീകരിക്കും. ഈ പാഠഭാഗങ്ങൾ അദ്ധ്യാപകർ പൂർണ്ണമായും റിവിഷൻ നടത്തേണ്ടതാണ്.

4) കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്നവിധം അധികചോദ്യങ്ങൾ (Choices) ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുന്നതാണ്.

5) അഭിരുചിക്കനുസരിച്ച് ഉത്തരമെഴുതാൻ അധികമായി ഓപ്ഷൻ അനുവദിക്കുമ്പോൾ ചോദ്യങ്ങളുടെ എണ്ണം വർദ്ധിക്കും. ഇവ വായിച്ചു മനസ്സിലാക്കാൻ കൂടുതൽ സമയം ആവശ്യമായിവരും. അതുകൊണ്ട് സമാശ്വാസ സമയം (Cool of time) വർദ്ധിപ്പിക്കുന്നതായിരിക്കും.

6) ചോദ്യമാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടാൻ മാതൃകാ ചോദ്യങ്ങൾ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്സൈറ്റുകളിലൂടെ കുട്ടികൾക്ക് ലഭ്യമാക്കും. മാതൃകാ പരീക്ഷ നടത്തും.

7) സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ചും പരീക്ഷയെ കുറിച്ചും കൃത്യമായ ധാരണ രക്ഷിതാക്കളിൽ എത്തിക്കുന്നതിനുവേണ്ടി ക്ലാസ്സടിസ്ഥാനത്തിൽ രക്ഷാകർത്താക്കളുടെ യോഗം സ്കൂളുകൾ വിളിച്ചു ചേർക്കണം. ഈ യോഗത്തിൽ ബഹു. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി നൽകുന്ന സന്ദേശം രക്ഷിതാക്കൾക്ക് കേൾക്കാൻ അവസരമൊരുക്കേണ്ടതാണ്.

8) ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പിന്തുണ ആവശ്യമുള്ളതുകൊണ്ട് ഇതു സംബന്ധമായ പ്രത്യേക മാർഗ്ഗനിർദ്ദേശം നൽകുന്നതാണ്.

9) നിരന്തര വിലയിരുത്തൽ
എ) വിഷയാടിസ്ഥാനത്തിൽ അനുയോജ്യവും ലളിതവുമായ പഠനപ്രവർത്തനങ്ങൾ നൽകുകയും വിലയിരുത്തുകയും വേണം.
ബി) വീഡിയോ ക്ലാസുകളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളിലെ പങ്കാളിത്തം, അതിെന്റെ ഭാഗമായ പഠന തെളിവുകൾ (ക്ലാസ്സുമായി ബന്ധപ്പെട്ട നോട്ടുകൾ, ഉല്പന്നങ്ങൾ, മറ്റു പ്രകടനങ്ങൾ), യൂണിറ്റ് വിലയിരുത്തലുകൾ (രണ്ട് എണ്ണം) തുടങ്ങിയ സൂചകങ്ങളും നിരന്തര വിലയിരുത്തലിന്റെ ഭാഗമായ സ്കോറുകൾ നൽകുന്നതിൽ പരിഗണിക്കുന്നതാണ്.

10) എല്ലാ വിഭാഗങ്ങളുടെയും (എസ്എസ്എൽസി, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി) പ്രായോഗിക പരീക്ഷ എഴുത്തുപരീക്ഷക്കു ശേഷമാണ് നടത്തേണ്ടത്. ഇത് സംബന്ധിച്ച് വിവിധ വിഭാഗങ്ങൾ അവരവരുടെ തനത് പ്രത്യേകതകൾക്കനുസരിച്ച് മാർഗ്ഗരേഖകൾ തയ്യാറാക്കുന്നതാണ്. എഴുത്തുപരീക്ഷക്കുശേഷം പ്രായോഗിക പരീക്ഷയുടെ തയ്യാറെടുപ്പിനായി ചുരുങ്ങിയത് ഒരാഴ്ച സമയം കുട്ടികൾക്ക് നൽകുന്നതാണ്.

11) എല്ലാ തലങ്ങളിലുമുള്ള യോഗങ്ങള്‍ വിളിച്ച് മോണിറ്ററിംഗും അക്കാദമിക് പിന്തുണാ സംവിധാനങ്ങളും ഉറപ്പുവരുത്തണം.

Follow Us:
Download App:
  • android
  • ios