Asianet News MalayalamAsianet News Malayalam

വമ്പൻ സീറ്റ് വർധന! ഒക്‌ടോബര്‍ 31 വരെ അഡ്മിഷന്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 നഴ്‌സിംഗ് സീറ്റുകൾ

സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 ബിഎസ്സി നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കി.

Huge seat increase Admission till 31st October 760 Nursing Seats in Govt Allied Sectors only ppp
Author
First Published Sep 23, 2023, 5:01 PM IST

തിരുവനന്തപുരം: സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 ബിഎസ്സി നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കി. ചരിത്രത്തിലാദ്യമായാണ് ബിഎസ്സി നഴ്‌സിംഗില്‍ ഇത്രയേറെ സീറ്റുകള്‍ ഒരുമിച്ച് വര്‍ധിപ്പിക്കുന്നത്. ഈ സീറ്റുകളില്‍ ഈ വര്‍ഷം തന്നെ അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നഴ്‌സിംഗ് മേഖലയിലെ വലിയ സാധ്യത മുന്നില്‍ കണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും, മാനദണ്ഡമനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. 

ഒപ്പം സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റ്, സി-പാസ് പോലുള്ള സ്ഥാപനങ്ങളിലും പുതിയ കോളേജുകള്‍ ആരംഭിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. വര്‍ധിപ്പിച്ച സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 2023 ഒക്‌ടോബര്‍ 31 വരെ നഴ്‌സിംഗ് വിഭാഗങ്ങളില്‍ അഡ്മിഷന്‍ നടത്താന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അനുമതി നല്‍കി. സ്വാശ്രയ മാനേജ്‌മെന്റുകളുടെ അഭ്യര്‍ത്ഥനയും, പുതിയ കോളേജുകള്‍ ആരംഭിക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ സാഹചര്യത്തില്‍ ഒക്‌ടോബര്‍ 31 വരെ അഡ്മിഷന്‍ നടത്താന്‍ കഴിയും. ഇതിന്റെയടിസ്ഥാനത്തില്‍ ബി.എസ്.സി. നഴ്‌സിംഗ് ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും അത് ഷെഡ്യൂള്‍ ചെയ്ത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ മേഖലയില്‍ 760 പുതിയ ബി.എസ്.സി നഴ്‌സിംഗ് സീറ്റുകള്‍ ഈ വര്‍ഷം വന്നതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അഡ്മിഷന്‍ എടുത്തിട്ടുള്ള കുട്ടികള്‍ക്ക് പുതിയ സര്‍ക്കാര്‍, സിമെറ്റ്, സി-പാസ്, മാനേജ്‌മെന്റ് കോളേജുകളിലേയ്ക്ക് ഓപ്ഷന്‍ മുഖേന മാറുന്നതിന് അവസരം നല്‍കാന്‍ യോഗം തീരുമാനിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്‌സിംഗ് കോളേജും തിരുവനന്തപുരത്ത് 100 സീറ്റുള്ള പുതിയ ബാച്ചും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴില്‍ വര്‍ക്കല, നെയ്യാറ്റിന്‍കര, കോന്നി, നൂറനാട്, ധര്‍മ്മടം, തളിപ്പറമ്പ് എന്നിവടങ്ങളില്‍ 60 സീറ്റ് വീതമുള്ള നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കുന്നു. സി-പാസിന്റെ കീഴില്‍ കൊട്ടാരക്കരയില്‍ 40 സീറ്റ് നഴ്‌സിംഗ് കോളേജിന് അനുമതി നല്‍കിയിട്ടുണ്ട്.

ഈ സര്‍ക്കാര്‍ വന്ന ശേഷം നഴ്‌സിംഗ് മേഖലയില്‍ വലിയ മുന്നേറ്റമാണുണ്ടായത്. 2022-23ല്‍ 832 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകള്‍ ഉയര്‍ത്തി. നഴ്‌സിംഗ് മേഖലയില്‍ 2021 വരെ ആകെ 7422 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. 2022ല്‍ 8254 സീറ്റുകളായും 2023ല്‍ 9821 സീറ്റുകളായും വര്‍ധിപ്പിച്ചു. 2021വരെ സര്‍ക്കാര്‍ മേഖലയില്‍ 435 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം കൊല്ലം, മഞ്ചേരി നഴ്‌സിംഗ് കോളേജുകള്‍ (120 സീറ്റ്) ആരംഭിച്ചു. കൂടാതെ നിലവിലുള്ള കോളേജുകളില്‍ അധികമായി 92 സീറ്റുകളും വര്‍ധിപ്പിച്ചു. ഇതുകൂടാതെയാണ് ഈ വര്‍ഷം 760 സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചത്. 

Read more: അസാപിൽ പെ‍യ്ഡ് ഇന്റേൺഷിപ്പ്, ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ, 10000 രൂപ സ്റ്റൈപെൻഡ്

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 612 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാര്‍, സ്വകാര്യ മേഖലയിലായി ആകെ 2399 സീറ്റുകളും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 2023-24ല്‍ 1517 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ് വര്‍ധിപ്പിക്കാന്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ സര്‍ക്കാര്‍ മേഖലയില്‍ ജനറല്‍ നഴ്‌സിംഗിന് ഈ വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 100 സീറ്റ് വര്‍ധിപ്പിച്ച് 557 സീറ്റുകളായി ഉയര്‍ത്തി. തിരുവനന്തപുരത്തും ആലപ്പുഴയിലും എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സിന് അനുമതി (16 സീറ്റ്) നല്‍കി. ട്രാന്‍സ്‌ജെന്‍ജര്‍ വ്യക്തികള്‍ക്ക് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിക്കുകയും ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, നഴ്‌സിംഗ് വിദ്യാഭ്യാസ ജോ. ഡയറക്ടര്‍, എല്‍ബിഎസ് ഡയറക്ടര്‍, ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍, സ്വകാര്യ മേഖലയിലെ സംഘടനാ പ്രതിനിധികള്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios