Asianet News MalayalamAsianet News Malayalam

ഐബിപിഎസ് അപേക്ഷിക്കാൻ സമയമായി; ബാങ്കുകളിൽ പ്രൊബേഷണറി ഓഫീസർ 1417 ഒഴിവുകൾ

വിവിധ ബാങ്കുകളിലായി 1417 ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്. ബിരുദക്കാർക്കാണ് അപേക്ഷിക്കാൻ അർഹത. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഓ​ഗസ്റ്റ് 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ibps examination can apply vacancies in banks
Author
Delhi, First Published Aug 16, 2020, 3:31 PM IST

ദില്ലി: ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ, മാനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലെ നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന  പൊതു എഴുത്തുപരീക്ഷയ്‌ക്ക് വിജ്‌ഞാപനമായി. വിവിധ ബാങ്കുകളിലായി 1417 ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്. ബിരുദക്കാർക്കാണ് അപേക്ഷിക്കാൻ അർഹത. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഓ​ഗസ്റ്റ് 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്. ഒക്ടോബറിൽ പ്രിലിമിനറി പരീക്ഷ നടക്കും. നവംബറിലാണ് മെയിൻ പരീക്ഷ. ഇന്റർവ്യൂവും അലോട്ട്‌മെന്റും ഐബിപിഎസ് തന്നെ സംഘടിപ്പിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്റർവ്യൂ പൂർത്തിയാക്കി ഏപ്രിലിൽ അലോട്ട്മെന്റുണ്ടാകും. പതിനൊന്നു പൊതുമേഖലാ ബാങ്കുകളിലെ പിഒ, മാനേജ്മെന്റ് ട്രെയിനി നിയമനമാണ് ഐബിപിഎസ് മുഖേന നടത്തുന്നത്. 

ഐബിപിഎസ് പരീക്ഷ – 10 എഴുതിയ ഉദ്യോഗാർഥികളെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വർഷത്തെ (2021– 22) പിഒ/ മാനേജ്‌മെന്റ് ട്രെയിനി നിയമനങ്ങൾക്കു പരിഗണിക്കൂ. ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്. യോഗ്യത നേടുന്നവർക്ക് ഐബിപിഎസ് സംഘടിപ്പിക്കുന്ന കോമൺ ഇന്റർവ്യൂവുമുണ്ടാകും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2022 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ബാങ്കുകളിൽ നിലവിൽ 1417 ഒഴിവുകളാണുള്ളത്. എണ്ണം ഇനിയും വർധിച്ചേക്കാം. അലോട്ട്‌മെന്റ് വിവരങ്ങൾ സമയാസമയങ്ങളിൽ ഐബിപിഎസ് വെബ്‌സെറ്റിൽ പ്രസിദ്ധീകരിക്കുന്നതു ശ്രദ്ധിക്കുക.

ഏതെങ്കിലും വിഷയത്തിൽ ബിരുദമോ തത്തുല്യമോ ആണ് അടിസ്ഥാന യോ​ഗ്യത.  2020 ഓഗസ്റ്റ് 26 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. പ്രായം 20നും 30നും ഇടയിൽ. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്ക് നിയമാനുസൃത ഇളവ്. 2020 ഓഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കി അപേക്ഷകരുടെ പ്രായം കണക്കാക്കും. സംസ്‌ഥാനത്തു കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. ലക്ഷദ്വീപുകാർക്ക് കവരത്തിയിൽ പരീക്ഷാ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കവരത്തിയിലും കേന്ദ്രമുണ്ട്. 

അപേക്ഷാ ഫീസ്: 850 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്ക് 175 രൂപ മതി. ഡെബിറ്റ് കാർഡ് (റൂപേ, വിസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഫീസടയ്ക്കുന്നതു സംബന്ധിച്ച വിശദനിർദേശങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ഓൺലൈൻ അപേക്ഷ: www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ ഐഡി ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്‌തതു വേണ്ടിവരും. അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനം കാണുക.


 

Follow Us:
Download App:
  • android
  • ios