പ്രതിദിനം 6 ലക്ഷത്തിലധികം മുട്ടകൾ ചെറുകിട വ്യാപാരികൾക്ക് വിറ്റ് വരുന്ന സംരംഭമാണ് ഇന്ന് എഗ്ഗോസ്.
പ്രാതലിന് മുട്ട ഒഴിച്ചുകൂടാത്ത ഇനമായി മാറിയ ഒരു രാജ്യത്താണ് മൂന്ന് ഐഐടി ബിരുദധാരികൾ തങ്ങളുടെ ബിസിനസ്സിന് തുടക്കമിടുന്നത്. വിപണിയിൽ മുട്ട സുലഭമാണ്. എന്നാൽ ഇതൊക്കെ ഫ്രഷ് ആയിരിക്കുമോ? ആരോഗ്യമുള്ള കോഴികളുടെ മുട്ടയായിരിക്കുമോ ഇത്? ഗുണനിലവാരമൊക്കെയുണ്ടാകുമോ? തുടങ്ങി ഒരു മുട്ടയെ സംബന്ധിച്ചോളം ഉയരുന്ന സാധാരണക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരമാണ് `എഗ്ഗോസ്'. ഐഐടി ബിരുദധാരികളായ അഭിഷേക് നേഗി, ആദിത്യ സിങ്, ഉത്തമ് കുമാർ എന്നിവരാണ് `എഗ്ഗോസ്' എന്ന സംരംഭത്തിന് തുടക്കമിട്ടത്.
ഐഐടി ഖരഗ്പൂരിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദധാരിയാണ് അഭിഷേക്. പഠിച്ചിറങ്ങിയ ശേഷം ആദ്യം ഒരു സംരംഭം ആരംഭിച്ചിരുന്നു. യാത്രകൾക്കായുള്ള `റോഡർ' എന്ന സംരംഭമായിരുന്നു അത്.`റോഡർ' വലിയ വിജയം കണ്ടില്ലെങ്കിലും തന്നിലെ സംരംഭകത്വം കെടാതെ ഉള്ളിലുണ്ടായിരുന്നു എന്ന് അഭിഷേക് പറയുന്നു. പിന്നീടാണ് ഇന്ത്യയിലെ പ്രധാന പ്രശ്നമായ പോഷകാഹാരക്കുറവിനെ പറ്റി ആലോചിക്കുന്നത്. പ്രോട്ടീൻ ശരീരത്തിന് വളരെ ആവശ്യമാണ്. അതിന്റെ കലവറയാണ് മുട്ട. എന്നാൽ, മാർക്കറ്റിൽ ലഭ്യമായതൊന്നും മികച്ച ഗുണനിലവാരത്തിലുള്ള മുട്ടകൾ അല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് എന്തുകൊണ്ട് മുട്ട ബിസിനസ് ആരംഭിച്ചുകൂടാ എന്നൊരു ചിന്ത തനിക്ക് വന്നെന്നും അഭിഷേക് പറയുന്നു. ഈ ആശയം തന്റെ സൃഹൃക്കുക്കളായ ആദിത്യ, ഉത്തമ് എന്നിവരുമായി പങ്കുവെച്ചാണ് സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് അഭിഷേക് പറഞ്ഞു.
സംരംഭം ആരംഭിച്ചപ്പോൾ ആദ്യം മനസ്സിലാക്കിയ കാര്യം കോഴി വളർത്തലിനെക്കുറിച്ച് ഒന്നും അറിയില്ല എന്നുള്ളതായിരുന്നു. എങ്കിൽപ്പോലും ബീഹാറിൽ 12,000ലധികം കോഴികളുള്ള ഒരു ഫാം സ്ഥാപിച്ചു. ഉത്തമിന്റെ കുടുംബം താമസിച്ചിരുന്നത് ബീഹാറിലെ ഒരു ഉൾഗ്രാമത്തിലായിരുന്നു. കോഴി വളർത്തൽ മനസ്സിലാക്കുന്നതിനായി നഗരത്തിലെ ജീവിതം ഉപേക്ഷിച്ച് ആ ഗ്രാമത്തിൽ പോയി താമസിച്ചു. ഫാം നിർമിച്ച് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു. മൂന്ന് വർഷക്കാലത്തോളം കോഴി വളർത്തൽ പഠിച്ചു. കർഷകർ നേരിടുന്ന പ്രതിസന്ധികളും മറ്റും മനസ്സിലാക്കി. ആ അനുഭവവും സാങ്കേതിക വിദ്യയിലെ പ്രാവീണ്യവും കോഴി ബ്രീഡുകളെ തിരഞ്ഞെടുക്കുന്നതും കോഴികൾക്ക് നൽകേണ്ട ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ടാണ് എഗ്ഗോസ് ബ്രാൻഡിന് അടിത്തറ പാകിയത്.
ആദ്യത്തെ സംരംഭം എന്ന നിലയിൽ കർഷകരിൽ വിശ്വാസം സ്ഥാപിക്കുക എന്നത് മൂവരെയും സംബന്ധിച്ച് പ്രയാസകരമായിരുന്നു. എന്നിരുന്നാലും, മെച്ചപ്പെട്ട വില, സഹായം, സാമ്പത്തിക സുരക്ഷ എന്നിവ നൽകിയതോടെ കർഷകരുടെ വിശ്വാസം അനായാസത്തിൽ നേടിയെടുത്തു. കൃത്യമായ മാർഗനിർദേശങ്ങളനുസരിച്ച് കോഴികൾക്കുള്ള തീറ്റകൾ നൽകാൻ ആരംഭിച്ചതോടെ അവയുടെ ആരോഗ്യം മെച്ചപ്പെടുകയും ഉൽപ്പാദനക്ഷമത വർധിക്കുയും ചെയ്തു.
read more: ഡി.സി.എ പരീക്ഷ മെയ് 20ന്, ഇതൊക്കെയാണ് പരീക്ഷ എഴുതാനുള്ള യോഗ്യത
ഗുണനിലവാരമാണ് മറ്റ് ബ്രാൻഡുകളിൽ നിന്നും എഗ്ഗോസിനെ വ്യത്യസ്തമാക്കുന്നതെന്ന് അഭിഷേക് പറയുന്നു. മുട്ടകൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് നൽകും. പ്രതിദിനം 6 ലക്ഷത്തിലധികം മുട്ടകൾ ചെറുകിട വ്യാപാരികൾക്ക് വിറ്റ് വരുന്ന സംരംഭമാണ് ഇന്ന് എഗ്ഗോസ്. ഒരോ മുട്ടയും യുവി സ്ക്രീനിങ് മുതൽ 11 ഘട്ടങ്ങളിലായി നടക്കുന്ന ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് വിപണികളിലെത്തുന്നത്. ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, മുംബൈ, പൂന തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം എഗ്ഗോസ് എത്തിക്കഴിഞ്ഞു. ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റമാർട്ട് തുടങ്ങിയവയിലൂടെയുള്ള ഓൺലൈൻ ഡെലിവറിയും എഗ്ഗോസിനുണ്ട്. ഇന്ന് എഗ്ഗോസിന് 200 കോടിയുടെ വരുമാനമുണ്ട്. ഇന്ത്യയിലെ മുട്ട വ്യവസായത്തിന് പുതിയ നിർവചനമായി ഇന്ന് `എഗ്ഗോസ്' മാറിയിരിക്കുന്നു.
