കോട്ടക്കൽ: പ്ലസ്ടൂവിന്റെ റിസൽട്ട് വരുമ്പോൾ ജയസൂര്യ വർക്ക് സൈറ്റിലായിരുന്നു. പണിത്തിരക്കിലായിരുന്നത് കൊണ്ട് രണ്ട് മണിക്ക് എത്തിയ റിസൽട്ട് ജയസൂര്യ അറിഞ്ഞത് വൈകുന്നേരം നാല് മണിക്ക്. 'എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ടെന്ന് കൂട്ടുകാരാണ് വിളിച്ചു പറഞ്ഞത്. ഭക്ഷണം പോലും കഴിക്കാതെ വീട്ടിലേക്കോടി. എല്ലാ വിഷയത്തിനും ജയിച്ചെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞു. ഫുൾ എ പ്ലസ് എന്നൊന്നും പറഞ്ഞാൽ അവർക്കൊന്നും മനസ്സിലാകില്ല.' പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ജയസൂര്യ പറഞ്ഞു തുടങ്ങുന്നു. ജയസൂര്യയുടെ വിജയത്തിന് കഷ്ടപ്പാടിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പിന്തുണ കൂടിയുണ്ട്. 

കോട്ടക്കൽ രാജാസ് ഹയർ സെക്കന്ററി സ്‌കൂളിലാണ് ജയസൂര്യ പഠിച്ചത്. ഇരുപത് വർഷം മുമ്പാണ് തമിഴ്‌നാട്ടിലെ വിഴുപ്പുറം സ്വദേശികളായ രാജാക്കണ്ണനും ഗോവിന്ദമ്മയും ഏകമകൻ ജയസൂര്യയ്ക്കൊപ്പം കേരളത്തിലേക്ക് കുടിയേറിയത്. അന്ന് ജയസൂര്യക്ക് ഒന്നരവയസ്സാണ് പ്രായം. കോട്ടക്കലിൽ നടന്ന ഒരു ഓട്ടോ അപകടത്തിൽ രാജാക്കണ്ണൻ കിടപ്പിലായതോടെ ഈ കുടുംബത്തിന്റെ താളം തെറ്റി. ​ഗുരുതരമായി പരിക്കറ്റ രാജാക്കണ്ണന്റെ കൈക്ക് സ്വാധീനം നഷ്ടപ്പെടുകയും എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ടായി. 

പിന്നീട് ഈ കുടുംബത്തെ മുന്നോട്ട് കൊണ്ട് പോയത് ജയസൂര്യയുടെ അമ്മ ​ഗോവിന്ദമ്മയാണ്. ആക്രി ശേഖരിച്ച് ജീവിച്ചാണ് ​ഗോവിന്ദമ്മ മകനെ പഠിപ്പിച്ചതും കുടുംബത്തിലെ ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയതും. അമ്മയുടെ കൂടെ ആക്രി ശേഖരിക്കാൻ‌ പോകാൻ തുനിഞ്ഞെങ്കിലും അച്ഛനാണ് വിലക്കിയത്. പഠിക്കാൻ നിർബന്ധിച്ചതും അച്ഛനാണ്. എന്നാലും ഒഴിവ് സമയങ്ങളിൽ വാർക്കപ്പണിക്ക് പോകും. ഇടയ്ക്ക് ഹോട്ടലിലും ജോലിക്ക് പോകും. അങ്ങനെയൊക്കെയാണ് കുടുംബം കഷ്ടപ്പാടില്ലാതെ മുന്നോട്ട് പോകുന്നത്. 

കുട്ടിക്കാലം മുതൽ കേരളത്തിൽ തന്നെയായിരുന്നത് കൊണ്ട് ഇതാണ് തന്റെ നാടെന്ന് ജയസൂര്യ സന്തോഷത്തോടെ പറയുന്നു. ഇത്രയും മികച്ച വിജയത്തിന് നന്ദി പറയുന്നതും കേരളത്തോട് തന്നെ. കേരളം തമിഴ്‌നാടിനേക്കാൾ നല്ല നാടാണെന്ന് അമ്മ പറയാറുണ്ടെന്നും കൂടുതൽ സുരക്ഷ അനുഭവിക്കുന്നുണ്ടെന്നും ഈ മിടുക്കൻ പറയുന്നു. ഭാഷകളോട് താൽപ്പര്യമുള്ള ജയസൂര്യക്ക് ഭാഷാധ്യാപകനാകാനാണ് ആഗ്രഹം. 'ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുക്കണം. അധ്യാപനാകണം.' ജയസൂര്യ പറയുന്നു.