ദില്ലി: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് നവീന്‍ പട്‌നായിക്ക് ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് പരീക്ഷ നടത്താന്‍ അനുയോജ്യമായ സാഹചര്യമില്ലെന്ന് പട്‌നായിക് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കാന്‍ പഞ്ചാബ് മുഖ്യമന്ത്രി മുതിര്‍ന്ന അഭിഭാഷകരെ ചുമതലപ്പെടുത്തി. പരീക്ഷ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ ഐക്യത്തോടെ രാജ്യവ്യാപക സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പരീക്ഷ നടത്തരുതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആവശ്യപ്പെട്ടിരുന്നു.

നീറ്റ് ഒഴിവാക്കണമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറും ആവശ്യപ്പെട്ടു. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ മെഡിക്കല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കണമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളായി പരിഗണിക്കേണ്ട ഭൂരിഭാഗവും സ്ഥാപനങ്ങളും ക്വാറന്റീന്‍ കേന്ദ്രങ്ങളാണ്. സംസ്ഥാനത്ത് പരീക്ഷ നടത്താന്‍ അനുയോജ്യമായ സാഹചര്യമില്ലെന്നും വിജയഭാസ്‌കര്‍ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.