തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ച് പിഎസ്‍സി. എന്നാൽ മുമ്പ് നിശ്ചയിച്ച അഭിമുഖങ്ങൾക്ക് മാറ്റമുണ്ടാകില്ലെന്നും പിഎസ്‍സി അധികൃതർ അറിയിച്ചു. കൊവിഡ് 19 വ്യാപനം കാരണമായി അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് മറ്റൊരു അവസരം നൽകുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. അതുപോലെ തന്നെ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ എല്ലാ ഓഫീസുകളിലും പഞ്ചിം​ഗ് താത്ക്കാലികമായി നിർത്തി വക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പ്രമാണ പരിശോധന, സർവ്വീസ് വേരിഫിക്കേഷൻ, ഉദ്യോ​ഗാർത്ഥികൾക്ക് നേരിട്ട് നിയമന ശിപാർശ നൽകൽ, എന്നിവ മാർച്ച് 20  വരെ നിർത്തിവച്ചതായി അറിയിപ്പുണ്ട്.  അതുപോലെ തന്നെ 2020 മാർച്ച് 20 ന് നടത്താനിരുന്ന കാറ്റ​ഗറി നമ്പർ 331/18, 332/18, 333/18,334/18 എന്നീ വിജ്ഞാപന പ്രകാരമുള്ള റിപ്പോർട്ടർ ​ഗ്രേഡ് 2 (മലയാളം), കാറ്റ​ഗറി നമ്പർ 539/17, 134/11 വിജ്ഞാപന പ്രകാരമുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ​ഗ്രേഡ് 2 (പട്ടികജാതി പട്ടികവർ​ഗക്കാർക്കുളള നിയമനം, പട്ടികവർ​ഗക്കാർക്ക് മാത്രം) എന്നീ തസ്തികകളുടെ ഡിക്റ്റേഷൻ ടെസ്റ്റ്, കാറ്റ​ഗറി നമ്പർ 41/19 വിജ്ഞാപന പ്രകാരം പൊലീസ് കോൺസ്റ്റബിൾ (ഐആർബി) തസ്തികയുടെ ഒഎംആർ പരീക്ഷ എന്നിവ മാറ്റി വച്ചിരിക്കുന്നു. 

മാര്‍ച്ച് 20 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന കാറ്റഗറി നന്പര്‍ 120/17 വിജ്ഞാപന പ്രകാരമുള്ള ഫോറസ്റ്റ് ഡ്രൈവര്‍, കാറ്റഗറി നന്പര്‍ 65/18 വിജ്ഞാപന പ്രകാരമുള്ള എറണാകുളം ജില്ലയിലെ സിവില്‍ എക്സൈസ് ഓഫീസര്‍, (എന്‍ സി എ-എസ്. സി. സി. സി) കാറ്റഗറി നന്പര്‍ 653/17 വിജ്ഞാപന പ്രകാരമുള്ള വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, കാറ്റ​ഗറി നമ്പർ 626/17 മുതല്‍ 634/17 വരെയുള്ള വിവിഝ എന്‍സിഎ സമുദായങ്ങള്‍ക്ക് വേണ്ടി വിജ്ഞാപനം ചെയ്ത വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളുടെ കായികക്ഷമതാ പരീക്ഷ മാറ്റിവച്ചു. മാര്‍ച്ച് 11 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ 5 ലേക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നു. വകുപ്പു തല പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ നേരിട്ടുള്ള വിതരണം മാര്‍ച്ച് 20 വരെ നിര്‍ത്തവച്ചിരിക്കുന്നു. 

സിയാല്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. വൈറസ് ബാധയേത്തുടര്‍ന്ന് സംസ്ഥാനത്തെ പൊതുപരിപാടികള്‍ക്കെല്ലാം വന്‍ നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൊല്ലപ്പരീക്ഷ ഒഴിവാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാര്‍ച്ച് 31 വരെ പഠന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒഴികെ മറ്റെല്ലാ വിദ്യാര്‍ഥികള്‍ക്കും നിശ്ചയിച്ച പരീക്ഷകള്‍ നടക്കും.