Asianet News MalayalamAsianet News Malayalam

കൈറ്റിന്റെ സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിനാചരണം; പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ സൗജന്യ രജിസ്ട്രേഷൻ

പതിനാല് ജില്ലകളിലും കൈറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 11 മുതല്‍ ഉച്ചവരെ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ അധിഷ്ഠിത പരിശീലന പരിപാടികള്‍ നടക്കും. 

Kites Software Freedom Day
Author
First Published Sep 21, 2022, 4:37 PM IST

തിരുവനന്തപുരം: 14 ജില്ലകളിലും പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷനും (കൈറ്റ്) സ്വാതന്ത്ര്യ വിജ്ഞാന ജനാധിപത്യ സഖ്യവും (ഡി.എ.കെ.എഫ്) സംയുക്തമായാണ് സംഘാടനം. ഉദ്ഘാടനം രാവിലെ 10 മണിയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രചാരകനും ഇന്‍ആപ് ചെയര്‍മാനുമായിരുന്ന അമര്‍നാഥ് രാജ അനുസ്മരണ പ്രഭാഷണം ഐകാന്‍ (Internet Corporation for Assigned Names & Numbers – ICANN) ഉപദേശക സമിതി അംഗം സതീഷ് ബാബു നിര്‍വഹിക്കും. ചടങ്ങ് തത്സമയം കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും.

പതിനാല് ജില്ലകളിലും കൈറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 11 മുതല്‍ ഉച്ചവരെ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ അധിഷ്ഠിത പരിശീലന പരിപാടികള്‍ നടക്കും. കാസറഗോഡ് (വിക്കിമീഡിയ കോമൺസ് & വിക്കിപീഡിയ), കണ്ണൂര്‍ (സ്ക്രൈബസ് - ഡി.ടി.പി.), വയനാട് (ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്), കോഴിക്കോട് (എക്സ്പ്ഐസ് - ഓപ്പണ്‍ ഹാര്‍ഡ്‍വെയര്‍), മലപ്പുറം (ഗ്നു ഖാത്ത - അക്കൗണ്ടിങ്) പാലക്കാട് (ജിയോജിബ്രയും ഗണിതവും), തൃശൂര്‍ (കെഡിഎന്‍ലൈവ് - വീഡിയോ എഡിറ്റിങ്), എറണാകുളം (സ്ക്രാച്ച് - വിഷ്വല്‍ പ്രോഗ്രാമിങ്), ഇടുക്കി (ഓപ്പണ്‍ ട്യൂണ്‍സ് - അനിമേഷന്‍), കോട്ടയം (ഐ.ഒ.ടി. & റോബോട്ടിക്സ്), ആലപ്പുഴ (ആപ് ഇന്‍വെന്റര്‍ - മൊബൈല്‍ ആപ് നിര്‍മാണം), പത്തനംതിട്ട (ബ്ലെന്‍ഡര്‍ - 3ഡി അനിമേഷന്‍), കൊല്ലം (പൈത്തണ്‍ - പ്രോഗ്രാമിങ്), തിരുവനന്തപുരം (കൃത - ഗ്രാഫിക്സ്) എന്നിങ്ങനെയാണ് വിഷയങ്ങള്‍.

ഐ.ടി.ഐകളിൽ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പരിശീലന മേന്മ വർദ്ധിപ്പിക്കാനും നടപടി: മന്ത്രി വി ശിവൻകുട്ടി

ജില്ലാ കേന്ദ്രങ്ങളിലെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഇന്ന് മുതല്‍ kite.kerala.gov.in/SFDay2022 സൈറ്റ് വഴി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. പതിനാല് ക്ലാസുകളും തത്സമയം ലൈവായി കാണാനും പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പോര്‍ട്ടലിന്റെ ഉദ്ഘാടനം കൈറ്റ് സ്റ്റുഡിയോയില്‍  വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.

കൈറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 25-ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ഓപ്പണ്‍ സെഷനുകള്‍ ഉണ്ടാകും. ഇതിന്റെ ഭാഗമായി കൈറ്റ് ഗ്നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്ന ഇന്‍സ്റ്റാള്‍ ഫെസ്റ്റും ജില്ലകളില്‍ നടക്കും.

ദിനാചരണത്തിന്റെ മുന്നോടിയായി കൈറ്റ് വിക്ടേഴ്സിലും സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ പ്രത്യേക സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ പരിശീലന പരിപാടികള്‍ സംപ്രേഷണം ചെയ്യും. ഈ ദിവസങ്ങളില്‍ തുടര്‍ച്ചയായി 9 മണിയ്ക്ക് അനിമേഷന്‍, ഉച്ചയ്ക്ക് 01.30 ന് ആപ് ഇന്‍വെന്റര്‍, വൈകുന്നേരം 6 ന് മലയാളം കമ്പ്യൂട്ടിംഗ് & ഇന്റര്‍നെറ്റ്, രാത്രി 08.30 ന് സ്ക്രാച്ച് വിഷ്വല്‍ പ്രോഗ്രാമിംഗ് എന്നീ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക.


 

Follow Us:
Download App:
  • android
  • ios