Asianet News MalayalamAsianet News Malayalam

ശ്രീദേവിക്ക് ടീച്ചറാകണം, പക്ഷേ തെങ്ങുകയറണം, ഓട്ടോയും ഓടിക്കണം...

മൂന്നു പെൺകുട്ടികളാണല്ലോ എന്നൊരു തോന്നലിൽ നിന്നായിരിക്കാം അച്ഛൻ അങ്ങനെ പറഞ്ഞത്. പക്ഷേ ഇത് കേട്ടുനിന്ന മകൾക്കത് വെറും വാക്കായി തോന്നിയില്ല. എന്തുകൊണ്ട് അച്ഛന്റെ കൂടെ തെങ്ങു കയറാൻ പോയിക്കൂടെ എന്നായി ശ്രീദേവിയുടെ ചിന്ത....

lifestory of a girl named sreedevi gopalan
Author
Malappuram, First Published Jun 1, 2020, 10:26 AM IST


ഒരു കൊറോണക്കാലത്തിനും തോൽപിക്കാൻ കഴിയാത്ത ചിലരുണ്ട് നമുക്കിടയിൽ. എത്ര വലിയ പ്രതിസന്ധികളിലും അവർ പിടിച്ചു നിൽക്കാനുള്ള കച്ചിത്തുരുമ്പായിരിക്കും തേടുക. അത്തരമാരു പെൺകരുത്താണ് ശ്രീദേവി ​ഗോപാലൻ. തെങ്ങുകയറ്റ തൊഴിലാളിയായ ​ഗോപാലന്റെയും ഉഷയുടെയും മൂത്ത മകൾ. ശ്രീകലയുടെയും ശ്രീകുമാരിയുടെയും ചേച്ചി. 

പെൺകുട്ടികൾ മാത്രമുള്ള മാതാപിതാക്കൾ പൊതുവെ പറയാറുള്ള ഒരു വാക്കിൽ നിന്നാണ് ശ്രീദേവി ഒരു വലിയ തീരുമാനത്തിലേക്കെത്തുന്നത്. ഒരാൺകുട്ടിയുണ്ടായിരുന്നെങ്കിൽ... ശ്രീദേവിയുടെ അച്ഛനും ഇടക്കെപ്പോഴോ അങ്ങനെയൊന്ന് പറഞ്ഞിരുന്നു. ഒരാൺകുട്ടിയുണ്ടായിരുന്നെങ്കിൽ എന്റെ കൂടെ ജോലിക്ക് വന്നേനെ എന്ന്. മൂന്നു പെൺകുട്ടികളാണല്ലോ എന്നൊരു തോന്നലിൽ നിന്നായിരിക്കാം അച്ഛൻ അങ്ങനെ പറഞ്ഞത്. പക്ഷേ ഇത് കേട്ടുനിന്ന മകൾക്കത് വെറും വാക്കായി തോന്നിയില്ല. എന്തുകൊണ്ട് അച്ഛന്റെ കൂടെ തെങ്ങു കയറാൻ പോയിക്കൂടെ എന്നായി ശ്രീദേവിയുടെ ചിന്ത. 

lifestory of a girl named sreedevi gopalan

പെൺകുട്ടികൾ തെങ്ങ് കയറാനോ?

'എന്തെങ്കിലും ജോലി ചെയ്യണമെന്ന് ആദ്യം കരുതി. പക്ഷേ കൊറോണക്കാലത്ത് ജനസമ്പർക്കമില്ലാത്ത ജോലി ചെയ്യണമല്ലോ അങ്ങനെയാണ് അച്ഛനൊപ്പം ജോലിക്ക് പോകാമെന്ന് തീരുമാനിച്ചത്.' ഈ ചിന്ത വീട്ടിൽ പറ‍ഞ്ഞപ്പോൾ‌ ഒരാളു പോലും സമ്മതിച്ചില്ലെന്ന് ശ്രീദേവി. ''ആദ്യം എല്ലാവരും വഴക്ക് പറഞ്ഞു, ഇതിന് വേണ്ടിയാണോ ഇത്രയും പഠിച്ചത് എന്നായിരുന്നു ആദ്യത്തെ ചോദ്യം. പക്ഷേ അവസാനം എല്ലാവരും സമ്മതിച്ചു. ആദ്യം അച്ഛന്റെ തളപ്പ് എടുത്തിട്ട് പോയി കയറി നോക്കി. അത് പറ്റില്ലെന്ന് മനസ്സിലായപ്പോൾ മെഷീൻ മെഷീൻ മേടിപ്പിച്ചു.'' തെങ്ങ് കയറാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ശ്രീദേവി പറയുന്നു. പെൺകുട്ടിയാണെന്ന് കരുതി അങ്ങനെ തോറ്റു പിന്മാറാനൊന്നും ശ്രീദേവി തയ്യാറല്ലായിരുന്നു. 

ആദ്യം അടുത്ത വീട്ടിലെ തെങ്ങിലൊക്കെ കയറി തേങ്ങയിട്ടു നോക്കി. കണ്ടവരൊക്കെ മൂക്കത്ത് വിരൽ വച്ചു. പക്ഷേ ശ്രീദേവി തീരുമാനിച്ചുറപ്പിച്ച് തന്നെയാണ്  മുന്നോട്ട് നീങ്ങിയത്. തെങ്ങിൽ കയറി തേങ്ങയിട്ട് താഴെ വന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്തൊരു ചിരി കണ്ടു. ആ ചിരിയാണ് പിന്നെയങ്ങോട്ട് മുന്നോട്ട് പോകാനുള്ള ധൈര്യവും ആത്മവിശ്വാസവും നൽകിയതെന്ന് ശ്രീദേവിയുടെ വാക്കുകൾ. അച്ഛനാണ് തേങ്ങയിടീലിലെ ശ്രീദേവിയുടെ ആദ്യ ​ഗുരു. ഈ സംഭവങ്ങളെല്ലാം നടന്നിട്ട് വെറും പതിനഞ്ച് ദിവസമായിട്ടേ ഉള്ളൂ. ഈ കുറഞ്ഞ ദിവസം കൊണ്ട് മുപ്പത് തെങ്ങിൽ കയറി.

ജീവിതം പോരാട്ടമാണെന്ന് ശ്രീദേവി

ആദ്യമായിട്ടല്ല ശ്രീദേവി ജോലിക്ക് പോകുന്നതും കുടുംബത്തിന് കൈത്താങ്ങാകുന്നതും. മലപ്പുറം ജില്ലയിലെ കാടാമ്പുഴയാണ് വീട്. 
എനിക്ക് ഓർമ്മ വച്ച സമയം മുതൽ അച്ഛനും അമ്മയും ജോലിക്ക് പോകുന്നുണ്ട്. അച്ഛൻ തെങ്ങു കയറാനും അമ്മ അടുത്ത വീടുകളിൽ ജോലിക്കും. ''ഞങ്ങൾക്ക് ആദ്യം വീടൊന്നും ഉണ്ടായിരുന്നില്ല. ഓല മേഞ്ഞ വീടായിരുന്നു. അന്ന് ഭക്ഷണത്തിനും നല്ല വീട്ടിൽ താമസിക്കാനും ഒക്കെ ഒത്തിരി ബുദ്ധിമുട്ടിയിട്ടുമണ്ട്.'' അച്ഛനും അമ്മയും പണിക്ക് പോയപ്പോൾ അനിയത്തിമാരെ നോക്കിയിരുന്നത് ശ്രീദേവിയായിരുന്നു. ഒരവസരത്തിൽ പഠനം പാതി വഴിയിൽ നിർത്തേണ്ട സാഹചര്യം വന്നിട്ടും ഈ പെൺകുട്ടി പൊരുതി നിന്നു. 

2019 ലാണ്  അച്ഛനും അമ്മയും മൂന്ന് പെൺമക്കളുമടങ്ങുന്ന ഈ കുടുംബത്തിന് നല്ലൊരു വീട് കിട്ടിയത്. ഒരിക്കൽ രാത്രി, ഇപ്പോഴത്തെ വീടിന്റെ പണി പകുതിയായിരിക്കുന്ന സമയത്താണ് ഇവരുടെ ഓലപ്പുര നിലം പൊത്തി. പിന്നീട് പണിതീരാത്ത വീട്ടിലേക്ക് മാറിത്താമസിച്ചു. അവിടെ താമസിച്ചു കൊണ്ടാണ് പതിയെ വീട് ഇപ്പോഴത്തെ രൂപത്തിലാക്കിയെടുത്തത്. ജോലി ചെയ്താണ് ശ്രീദേവി പഠിച്ചത്. ട്യൂഷൻ സെന്ററിലെ ഓഫീസിൽ, അക്ഷയ സെന്ററിൽ അങ്ങനെയങ്ങനെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ ചെറിയ ചെറിയ ജോലികൾ. പഠനത്തിന് ഇടവേള കൊടുത്തിട്ടേയില്ലെന്ന് ശ്രീദേവി ആത്മാഭിമാനത്തോടെ പറയുന്നു. അതിലേറെ ആത്മവിശ്വാസത്തോടെയും. ബിഎഡിന്റെ ഫൈനൽ പരീക്ഷ എഴുതാനിരിക്കെയാണ് ലോക്ക് ഡൗണും കാരണം വീട്ടിലിരിക്കേണ്ടി വന്നത്. എന്തായാലും ശ്രീദേവി വീട്ടിലിരുന്നത് വെറുതെയായില്ല.  

"                

ഓട്ടോ ഓടിക്കാനും പഠിച്ചു

തെങ്ങുകയറ്റം പോലെ ഒരു ആത്മവിശ്വാസത്തിന്റെ പുറത്ത് പഠിച്ചതാണ് ഓട്ടോ ഓടിക്കാനും. ''അമ്മമ്മയ്ക്ക് ഇടയ്ക്ക് സുഖമില്ലാതെ വരും. ഓട്ടോ വിളിച്ച് ആശുപത്രിയിൽ പോയി തിരികെ വരുമ്പോഴേയ്ക്കും നല്ലൊരു തുക ചെലവാകും. വണ്ടിയെടുത്താലോ എന്നൊരാലോചന വരുന്നത് അങ്ങനെയാണ്. ഞങ്ങൾക്കെല്ലാവർക്കും യാത്ര ചെയ്യണമല്ലോ. കാറെടുക്കാനുള്ള സാഹചര്യമൊന്നും ഇപ്പോഴില്ല. അങ്ങനെ ഓട്ടോയെടുക്കാൻ തീരുമാനമായി. കുറച്ച് പൈസ സംഘടിപ്പിച്ച് സെക്കന്റ് ഹാൻഡ് ഓട്ടോ എടുത്തു. നാലു ദിവസം കൊണ്ട് അച്ഛന്റെ കൂട്ടുകാരന്റെ സഹായത്തോടെ പഠിച്ചു.'' ഇപ്പോള്‍ എല്ലാവരെയും വണ്ടിയിലിരുത്തി ഓടിച്ചു പോകാൻ ധൈര്യമുണ്ടെന്ന് ശ്രീദേവി ഉറപ്പ് പറയുന്നു. വണ്ടിയിൽ കയറാൻ അവർക്കും ധൈര്യമായത്രേ. 

പഠിക്കണം ടീച്ചറാകണം പക്ഷേ...

ബിഎഡ് കഴിഞ്ഞ് എംഫില്ലിന് പോകണമെന്നാണ് ശ്രീദേവിയുടെ ആ​ഗ്രഹം. എന്നാൽ മറ്റെന്ത് ജോലി ലഭിച്ചാലും ഈ ജോലിയെ തള്ളിക്കളയാൻ ശ്രീദേവി ഒരുക്കമല്ല. പഠിച്ച് അധ്യാപികയായി ജോലി കിട്ടിയാലും  ഈ തൊഴിലുകളും തന്റെ ഒപ്പമുണ്ടാകുമെന്ന് ശ്രീദേവി പറയുന്നു. ''തെങ്ങു കയറാൻ പോയ സമയത്ത് എനിക്ക് ബോധ്യമായ മറ്റൊരു കാര്യം കൂടിയുണ്ട്. അച്ഛൻ ഈ ജോലി ചെയ്യാൻ എത്രയധികം ബുദ്ധിമുട്ടുന്നുണ്ടെന്ന്. ശ്വാസംമുട്ടലിന്റെ പ്രശ്നമുള്ളയാളാണ്. ഞങ്ങൾ മക്കളെ നന്നായി പഠിപ്പിക്കാനും വളർത്താനും അച്ഛൻ ഒത്തിരി കഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലായി. തെങ്ങിന് മുകളിൽ നിന്ന് ഇറങ്ങി വരുമ്പോൾ അച്ഛൻ ആദ്യം ചോദിക്കുന്നത് വെള്ളമാണ്. അതെന്താണെന്ന് ഇപ്പോ മനസ്സിലായി.'' കൂട്ടായി കൂടെ നിൽക്കുന്ന അച്ഛനെക്കുറിച്ച് ശ്രീദേവിക്ക് പറയാനുള്ളത് ഇതാണ്.

പെൺകുട്ടികൾക്കെന്താ ജോലി ചെയ്താൽ?

പെൺകുട്ടിയായി എന്ന പേരിൽ മാറ്റി നിർത്തുന്നതിനോട് ശ്രീദേവിക്ക് യോജിപ്പില്ല. പെണ്ണായാലും ആണായാലും ജോലി ചെയ്യുന്നതിൽ എന്താണ് കുഴപ്പം? തെങ്ങ് കയറാൻ ആദ്യം ചെന്നപ്പോൾ അടുത്ത വീട്ടിലെ ചേച്ചി അച്ഛനോട് ചോദിച്ചത്, ആൺകുട്ടികളെപ്പോലെ തെങ്ങ് കയറാൻ പോകുകയാണോ എന്നാണ്. അങ്ങനെയൊരു മാറ്റിനിർത്തലിന്റെ ആവശ്യമില്ലെന്ന് ഈ പെൺകുട്ടി പറയുന്നു. അവസരങ്ങൾ നമ്മെ ഒരിക്കലും തേടിവരില്ല. പെൺകുട്ടിയാണെന്ന് കരുതി ഒരിടത്ത് നിന്ന് മാറി നിൽക്കേണ്ട ആവശ്യവുമില്ല. അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ കഴിയുക എന്നത് തന്നെയാണ് പ്രധാനം. മാറ്റം സംഭവിക്കണമെങ്കിൽ എന്തെങ്കിലും ചെയ്തല്ലേ മതിയാകൂ?  

ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ ജീവിതത്തെ, പ്രതിസന്ധികളെ നേരിടുന്ന പെൺകുട്ടികളുടെ പ്രതിനിധിയാകുന്നു ശ്രീദേവി ​ഗോപാലൻ. അച്ഛനെ പിന്നിലിരുത്തി, തെങ്ങ് കയറുന്ന മെഷീനും വച്ച് ശ്രീദേവി ജീവിതത്തിലേക്ക് ഓട്ടോ സ്റ്റാർട്ട് ചെയ്യുന്നു, ഉയരങ്ങൾ കീഴടക്കാൻ...

Follow Us:
Download App:
  • android
  • ios