Asianet News MalayalamAsianet News Malayalam

നാല് മാസം സൈന്യത്തിൽ ജോലി ചെയ്തു, ശമ്പളവും ഐഡി കാർഡും ലഭിച്ചു, പക്ഷേ...; തട്ടിപ്പിൽ അകപ്പെട്ട് യുവാവ്

മനോജ് കുമാറിന്റെ പേപ്പറുകൾ ശ്രദ്ധിച്ച ചില സൈനികരാണ് പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ സമയമാണ് രാഹുൽ സിങ് സൈന്യം വിട്ടതും. പരിശോധനയിൽ മനോജ് കുമാർ കബളിപ്പിക്കപ്പെട്ടതാണെന്ന് വ്യക്തമായതോടെ മിലിട്ടറി ഇന്റലിജൻസ് കേസെടുക്കുകയായിരുന്നു.

Man gets Army ID, uniform, a salary but he was never recruited
Author
First Published Nov 23, 2022, 7:41 PM IST

ലഖ്നൗ: സൈന്യത്തിൽ ജോലി വാ​ഗ്ദാനം ചെയ്ത് വഞ്ചിച്ചതായി യുവാവിന്റെ പരാതി. നാല് മാസത്തെ പരിശീലനവും അക്കാലയളവിലെ ശമ്പളവും ഐഡി കാർഡുമെല്ലാം ലഭിച്ചതിന് ശേഷമാണ് തട്ടിപ്പാണെന്ന് യുവാവിന് മനസ്സിലായത്. ഉത്തർപ്രദേശ് സ്വദേശിയായ മനോജ് കുമാർ എന്ന യുവാവാണ് തട്ടിപ്പിനിരയായത്. മുൻ സൈനികനായ രാഹുൽ സിങ് എന്നയാളാണ് യുവാവിനെ കബളിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ മുതൽ നാല് മാസം പഞ്ചാബിലെ പത്താൻകോട്ടിലെ സൈനിക ക്യാമ്പിൽ മനോജ് കുമാർ കാവൽ ഡ്യൂട്ടി ചെയ്തു. ജോലിക്കായി രാഹുൽ സിംഗിന് എട്ട് ലക്ഷം രൂപ നൽകിയതായി മനോജ് കുമാർ പറഞ്ഞു. പടിഞ്ഞാറൻ യുപി സ്വദേശിയായ മനോജ് 2019-ൽ ഒരു റിക്രൂട്ട്‌മെന്റ് റാലിക്കിടെയാണ് പരിചയപ്പെടുന്നത്. അന്ന് രാഹുൽ സിങ്ങിന് ജോലി ലഭിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് രാഹുൽ സിംഗ് സൈന്യം വിട്ടത്. മനോജ് കുമാറിന്റെ പേപ്പറുകൾ ശ്രദ്ധിച്ച ചില സൈനികരാണ് പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ സമയമാണ് രാഹുൽ സിങ് സൈന്യം വിട്ടതും. പരിശോധനയിൽ മനോജ് കുമാർ കബളിപ്പിക്കപ്പെട്ടതാണെന്ന് വ്യക്തമായതോടെ മിലിട്ടറി ഇന്റലിജൻസ് കേസെടുക്കുകയായിരുന്നു.

ചൊവ്വാഴ്ച മീററ്റിൽ നിന്നാണ് മുസാഫർനഗർ സ്വദേശിയായ രാഹുൽ സിംഗിനെയും ബിട്ടു എന്നയാളെയും അറസ്റ്റ് ചെയ്തത്. മറ്റൊരു കൂട്ടാളി രാജാ സിംഗ് ഒളിവിലാണ്. ബിട്ടുവിനെയും രാജാ സിംഗിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ആക്രമണം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മൂന്ന് പേർക്കെതിരെയും ചുമത്തിയിരിക്കുന്നത്.

അതിർത്തി ജില്ലയായ പത്താൻകോട്ടിലെ 272 ട്രാൻസിറ്റ് സെന്ററിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്ന യൂണിറ്റിലാണ് മനോജ് കുമാർ 'ജോലി' ചെയ്തിരുന്നത്. സൈന്യത്തിൽ ജോലി ലഭിച്ചതിന് ശേഷമാണ് രാഹുൽ മനോജിന് ജോലി വാദ്​ഗാനം ചെയ്തത്. പിന്നീട് മനോജിനെ പത്താൻകോട്ടിലെ ക്യാമ്പിലേക്ക് വിളിച്ചു. മുതിർന്ന സൈനിക ഉദ്യോഗസ്ഥനെപ്പോലെ പ്രത്യക്ഷപ്പെട്ട ഒരാൾ എന്നെ അകത്തേക്ക് കൊണ്ടുപോയി. മനോജിന്റെ പാചക വൈദഗ്ദ്ധ്യം പരീക്ഷിച്ചു. പിന്നീട് ശാരീരിക പരിശോധനയും നടത്തി തന്നെ ജോലിക്കെടുത്തെന്നും മനോജ് പറയുന്നു.  "സെൻട്രി ഡ്യൂട്ടി" ആയിരുന്നപ്പോൾ രാഹുൽ സിംഗ് റൈഫിൾ നൽകിയെന്നും മനോജ് പറഞ്ഞു

മറ്റ് ജവാന്മാരുമായി കൂടുതൽ ഇടപെട്ടപ്പോഴാണ് അമളി മനസ്സിലാക്കിയത്. അപ്പോയിന്റ്മെന്റ് ലെറ്ററും ഐഡി കാർഡും കാണിച്ചപ്പോൾ വ്യാജമാണെന്ന് അവർ പറഞ്ഞു. വ്യാജരേഖകൾ കണ്ട ജവാന്മാർ പിന്നീട് മിലിട്ടറി ഇന്റലിജൻസിനെ വിവരമറിയിച്ചതായാണ് വിവരം. അതിനിടെ, മനോജ് കുമാറിനെ രാഹുൽ സിംഗ് ഒക്ടോബറിൽ കാൺപൂരിലെ ഫിസിക്കൽ ട്രെയിനിംഗ് അക്കാദമിയിലേക്ക് അയച്ചു. എട്ട് ലക്ഷം രൂപയാണ് രാഹുൽ സിങ് വാങ്ങിയത്. ഈ പണം തിരികെ ചോദിച്ചപ്പോൾ ബിട്ടുവും രാജാ സിംഗും ചേർന്ന് അദ്ദേഹത്തെ ആക്രമിച്ചതായും ഇയാൾ ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios