കോട്ടയം:  മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലെ കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിൻെറ ഒന്നാം ഘട്ട അലോട്‌മെൻറ് പ്രസിദ്ധീകരിച്ചു. കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.ജി.സി.യുടെയും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും നിബന്ധനകൾക്ക് വിധേയമായി ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2020 - 21 അക്കാദമിക വർഷത്തെ ഒന്നാംഘട്ട അലോട്‌മെൻറ് പ്രസിദ്ധീകരിക്കുന്ന ആദ്യ സർവകലാശാലയാണ് എം.ജി.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അലോട്‌മെൻറ് പൂർണ്ണമായും ഓൺലൈനിലാണ്. അപേക്ഷകർ അലോട്‌മെൻറ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി മുമ്പ് ലഭിച്ച ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ക്യാപ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യണം. തുടർന്ന് സർവകലാശാലയിലേക്ക് അടയ്‌ക്കേണ്ട ഫീസ് അടച്ച് ഉചിതമായ പ്രവേശനം (സ്ഥിര / താത്കാലികപ്രവേശനം) തെരഞ്ഞെടുക്കണം. ഒന്നാം ഓപ്ഷനിൽ അലോട്‌മെൻറ് ലഭിച്ചവർക്ക് സ്ഥിരപ്രവേശം മാത്രമേ തെരഞ്ഞെടുക്കാനാകൂ. എന്നാൽ മറ്റ് ഓപ്ഷനുകളിൽ അലോറ്റ്‌മെൻറ് ലഭിച്ചവർക്ക് താത്കാലിക പ്രവേശം തെരഞ്ഞെടുക്കാം.