Asianet News MalayalamAsianet News Malayalam

കേന്ദ്രവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ കലാഉത്സവ് '23; സംസ്ഥാനതല മത്സരങ്ങള്‍ക്ക് വേദിയായി മലപ്പുറം

 പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാഉത്സവ് 23 സംസ്ഥാനതല മത്സരങ്ങള്‍ 2022 നവംബര്‍ 27 ന് മലപ്പുറത്ത് നടക്കും.

national arts festival central government
Author
First Published Nov 25, 2022, 11:55 AM IST

തിരുവനന്തപുരം: കേന്ദ്രവിദ്യാഭ്യാസ വകുപ്പ് 2023 ജനുവരിയില്‍ സംഘടിപ്പിക്കുന്ന ദേശീയ കലാ ഉത്സവ് -ലേക്ക് കേരളത്തില്‍ നിന്നും പങ്കെടുക്കേണ്ട കലാപ്രതിഭകളെ കണ്ടെത്തുന്നതിനുള്ള സംസ്ഥാനതല കലാ ഉത്സവിന് മലപ്പുറം വേദിയാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാഉത്സവ് 23 സംസ്ഥാനതല മത്സരങ്ങള്‍ 2022 നവംബര്‍ 27 ന് മലപ്പുറത്ത് നടക്കും.

മലപ്പുറം ഗവ. ഹയര്‍സെക്കന്‍ററി സ്കൂള്‍ ഗേള്‍സ് & ബോയ്സിലും, ഗവ.എല്‍.പി.സ്കൂളും വേദിയാകും. പത്ത് വേദികളിലായിട്ടാണ് പതിനാല് ജില്ലകളില്‍ നിന്നുള്ള ആണ്‍-പെണ്‍ വിഭാഗങ്ങളിലെ 280 കുട്ടികള്‍ മാറ്റുരയ്ക്കുന്നത്. ഇക്കുറി ദേശീയ കലാഉത്സവ് മത്സരങ്ങള്‍ക്കായി പത്തിനങ്ങളിലാണ് സംസ്ഥാനതല കലാഉത്സവ് അരങ്ങേറുക. ശാസ്ത്രീയ-നാടോടി നൃത്തയിനങ്ങള്‍, നാടകം, ശാസ്ത്രീയ സംഗീതം, പരമ്പരാഗത സംഗീതം, ഉപകരണ സംഗീതം, തദ്ദേശീയ കളിയുപകരണ നിര്‍മാണം, ചിത്രരചന എന്നിവയിലാണ് ആണ്‍-പെണ്‍ വിഭാഗത്തിലായി  മത്സരങ്ങള്‍ നടക്കുന്നത്. 

പൊതുവിദ്യാലയങ്ങളില്‍ നിന്നും പ്രത്യേകമായി തെരഞ്ഞെടുത്തതും ബി.ആര്‍.സി.തലത്തില്‍ മത്സരിച്ച് വിജയിച്ച കുട്ടികളില്‍ നിന്നും ജില്ലാതല മത്സര വിജയികളായവരെ  പങ്കെടുപ്പിച്ചാണ് സംസ്ഥാനതലത്തില്‍ കലാഉത്സവ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ ലൈവ് ആയിട്ടായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. ഇക്കുറി വേദികളില്‍ കുട്ടികള്‍ നേരിട്ട് മത്സരിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കി നല്‍കിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

സമഗ്ര ശിക്ഷാ കേരളം, മലപ്പുറം ജില്ലയാണ് സംഘാടന ചുമതല നിര്‍വഹിക്കുന്നത്. പത്ത് വേദികളിലായി ഒരു ദിവസം കൊണ്ടു തന്നെ മത്സരങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വിധമാണ് കലാ ഉത്സവ് സംഘടിപ്പിച്ചിരിക്കുന്നത്. പതിനാല് ജില്ലകളില്‍ നിന്നുള്ള കുട്ടികളും ശനിയാഴ്ചയോടെ മലപ്പുറത്ത് എത്തിച്ചേരും. ഇവര്‍ക്കുള്ള താമസസൗകര്യം, ഭക്ഷണം, വാഹനം ഇവയെല്ലാം സമഗ്ര ശിക്ഷാ മലപ്പുറം ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാര്‍, വിദ്യാഭ്യാസ വകുപ്പിന്‍റെയും സമഗ്രശിക്ഷയുടെയും മലപ്പുറം ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടനകള്‍, രാഷ്ട്രീയ- യുവജന സംഘടനകള്‍ എന്നിവരുടെയെല്ലാം നേതൃത്വവും പിന്തുണയും കലാഉത്സവ് 2023 ന് ഉണ്ടാകുമെന്ന് സമഗ്ര ശിക്ഷാ കേരളം ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios