ദില്ലി: ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഗുജറാത്ത് ഗാന്ധിനഗറിലെ നാഷണൽ ഫൊറൻസിക് സയൻസസ് സർവകലാശാല മാസ്റ്റേഴ്സ്, ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എസ്സി. ഫൊറൻസിക് ഒഡൊന്റോളജി (രണ്ടു വർഷം) പ്രോഗ്രാമിലേക്ക് 55 ശതമാനം മാർക്കോടെ (പട്ടികവിഭാഗക്കാർക്ക് 50 ശതമാനം) ബി.ഡി.എസ്. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹ്യുമാനിറ്റേറിയൻ ഫൊറൻസിക് പ്രോഗ്രാമിലേക്ക് 50 ശതമാനം മാർക്കോടെ സയൻസ്, ഫാർമസി, വെറ്ററിനറി, ഡന്റിസ്ട്രി അല്ലെങ്കിൽ മറ്റ് അനുബന്ധ ആരോഗ്യശാസ്ത്ര വിഷയത്തിലെ ബാച്ചിലർ ബിരുദം/തുല്യ യോഗ്യത വേണം. 50 ശതമാനം മാർക്കോടെ നഴ്സിങ്ങിൽ ബാച്ചിലർ ബിരുദമുള്ളവർക്ക് ഫൊറൻസിക് നഴ്സിങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമുകളുടെ ദൈർഘ്യം ഒരു വർഷം ആണ്. അപേക്ഷ www.nfsu.ac.in/admission ലെ അഡ്മിഷൻ പോർട്ടൽ ലിങ്ക് വഴി 31 വരെ നൽകാം. പ്രവേശന പരീക്ഷ ജനുവരി പത്തിനും കൗൺസലിങ് ജനുവരി 18- നും ആയിരിക്കും. സെഷൻ 2021 ഫെബ്രുവരി ഒന്നിന് തുടങ്ങും.