ദില്ലി: നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (എന്‍.സി.എച്ച്.എം.സി.ടി.) അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അസിസ്റ്റന്റ് ലക്ചറര്‍, ടീച്ചിങ് അസോസിയറ്റ് സ്ഥാനങ്ങളിലേക്ക് നിയമനത്തിനുള്ള അര്‍ഹതാ പരീക്ഷയായ നാഷണല്‍ ഹോസ്പിറ്റാലാറ്റി ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (എന്‍.എച്ച്.ടി.ഇ.ടി) അപേക്ഷിക്കാം.

പ്ലസ് ടു കഴിഞ്ഞ് ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍/ഹോട്ടല്‍ മാനേജ്‌മെന്റില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ഫുള്‍ടൈം ത്രിവത്സര ബിരുദവും ബിരുദത്തിനു ശേഷമുള്ള രണ്ടു വര്‍ഷത്തെ ഹോസ്പിറ്റാലിറ്റി വ്യവസായ പ്രവൃത്തിപരിചയവുമാണ് യോ​ഗ്യത. ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍/ഹോട്ടല്‍ മാനേജ്‌മെന്റില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ഫുള്‍ടൈം ത്രിവത്സര ബാച്ച്‌ലര്‍, ബിരുദത്തിനുശേഷം 55 ശതമാനം മാര്‍ക്കോടെ ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍/ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഫുള്‍ടൈം മാസ്‌റ്റേഴ്‌സ് ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

ഏപ്രില്‍ 11നാണ് നടക്കുന്ന പരീക്ഷയ്ക്ക് മൂന്ന് പേപ്പര്‍ ഉണ്ടാകും. പൊതുസ്വഭാവമുള്ളതാകും ആദ്യ പേപ്പര്‍. ടീച്ചിങ്, റീസണിങ് എബിലിറ്റി, കോംപ്രിഹന്‍ഷന്‍, ഡൈവേര്‍ജന്റ് തിങ്കിങ്, ജനറല്‍ അവയര്‍നസ്/നോളജ് എന്നിവയിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. രണ്ടാം പേപ്പര്‍, ന്യൂട്രീഷന്‍, ഫുഡ് സയന്‍സ്, ജനറല്‍ മാനേജ്‌മെന്റ്, ഹോട്ടല്‍ അക്കൗണ്ട്‌സ് എന്നിവയിലെ ചോദ്യങ്ങള്‍ ഉള്ള പേപ്പറാണ്. മൂന്നാം പേപ്പറില്‍ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് ആന്‍ഡ് മാനേജ്‌മെന്റ്, അക്കമഡേഷന്‍ ഓപ്പറേഷന്‍ മാനേജ്‌മെന്റ്, ഹൗസ് കീപ്പിങ് മാനേജ്‌മെന്റ് എന്നിവയില്‍നിന്നുമുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. എല്ലാ പേപ്പറിലും മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും. ആദ്യ രണ്ടു പേപ്പറില്‍ 50 വീതവും മൂന്നാം പേപ്പറില്‍ 100 ഉം. തിരുവനന്തപുരവും പരീക്ഷാകേന്ദ്രമാണ്. മാര്‍ച്ച് 24 വരെ www.thims.gov.in വഴി നല്‍കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഡി.ഡി.യും 27നകം എന്‍.സി.എച്ച്.എം.സി.ടി. ഓഫീസില്‍ കിട്ടണം.