Asianet News MalayalamAsianet News Malayalam

അഖിലേന്ത്യാ ഐടിഐ ട്രേഡ് ടെസ്റ്റ്; 76ൽ 54 ലും ഒന്നാം സ്ഥാനം കൈയടക്കി കേരളത്തിലെ വിദ്യാർത്ഥികൾ

ആകെ പ്രഖ്യാപിച്ച അഖിലേന്ത്യാ റാങ്ക് ജേതാക്കളുടെ പട്ടികയിൽ പുരുഷ വിഭാഗത്തിൽ നിന്നും 75 ട്രെയിനികളും വനിതാ വിഭാഗത്തിൽ നിന്നും 82 ട്രെയിനികളും ഉൾപ്പെട്ടിട്ടുണ്ട്. 

national ITI trade test winners
Author
First Published Sep 15, 2022, 11:59 AM IST

തിരുവനന്തപുരം: 2022 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യാ ഐ.ടി.ഐ ട്രേഡ് ടെസ്റ്റിന്റെ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്ത് നിന്നുള്ള ട്രെയിനികൾക്ക് മികച്ച വിജയം. 76 ക്രാഫ്റ്റ്സ്മാൻ ട്രെയിനിങ് സ്കീം ട്രേഡുകളിൽ 54 ട്രേഡുകളിലും കേരളത്തിൽ നിന്നുളള ട്രെയിനികൾക്ക് അഖിലേന്ത്യാ തലത്തിൽ ഒന്നാം സ്ഥാനത്ത് എത്താനായി. സംസ്ഥാനത്ത് പരീക്ഷ എഴുതിയ 50,000 പേരിൽ 92% പേരും വിജയിച്ചു . 

വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തോടൊപ്പം ചിട്ടയായ പരിശീലനവും അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കത്തക്ക രീതിയിലുളള അടിസ്ഥാന സൗകര്യങ്ങളും ഐ.ടി.ഐ കളിൽ സർക്കാർ ഉറപ്പാക്കിയത് മൂലമാണ് ഈ മഹത് നേട്ടം ട്രെയിനികൾക്ക് കൈവരിക്കാനായത്. ആകെ പ്രഖ്യാപിച്ച അഖിലേന്ത്യാ റാങ്ക് ജേതാക്കളുടെ പട്ടികയിൽ പുരുഷ വിഭാഗത്തിൽ നിന്നും 75 ട്രെയിനികളും വനിതാ വിഭാഗത്തിൽ നിന്നും 82 ട്രെയിനികളും ഉൾപ്പെട്ടിട്ടുണ്ട്.  ഇതിൽ 13 ട്രേഡുകൾക്ക് പുരുഷ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും റാങ്കുകളും വനിതാ വിഭാഗത്തിൽ 16 ട്രേഡുകളിൽ ഒന്നും രണ്ടും മൂന്നും റാങ്കുകളും കരസ്ഥമാക്കാൻ നമ്മുടെ ട്രെയിനികൾക്ക് സാധ്യമായി എന്നത് അഭിനന്ദനാർഹമായ നേട്ടമായി സർക്കാർ കാണുന്നുവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വി ശിവൻകുട്ടി പറഞ്ഞു. എല്ലാ വിദ്യാർത്ഥികളെയും മന്ത്രി അഭിനന്ദിച്ചു.

റാങ്ക് ജേതാക്കളുടെ കൂട്ടത്തിൽ കഴക്കൂട്ടം സർക്കാർ വനിതാ ഐ.ടി.ഐ യിലെ സെക്രട്ടേറിയൽ പ്രാക്ടീസ്  (ഇംഗ്ലീഷ്) ട്രേഡിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ അനീഷ എം 600-ൽ 600 മാർക്കും കരസ്ഥമാക്കി ടോപ്പർ എമങ് ദി ടോപ്പേഴ്സ് അംഗീകാരം നേടിയെടുത്തത് ചരിത്രനേട്ടമായി കരുതുന്നു.  അനീഷ എം, കോഴിക്കോട് സർക്കാർ വനിതാ ഐ.ടി.ഐ യിലെ കുമാരി ശിശിരാ ബാബു കെ.പി, മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ദേശീയ റാങ്ക് ജേതാവ് പിണറായി സർക്കാർ ഐ.ടി.ഐ യിലെ അഭിനന്ദാ സത്യൻ എന്നീ  ട്രെയിനികളെയും അവരുടെ രക്ഷാകർത്താക്കളെയും ന്യൂഡൽഹിയിലെ AICTE ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 17 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രസ്തുത  ചടങ്ങിൽ ഈ ട്രെയിനികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തുന്നതുമാണ്. 

ശിശിരാ ബാബു കെ പി, പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടതും ഭാഗീകമായി കേൾവി തകരാർ ഉളളതുമായ ട്രെയിനി ആയിരുന്നിട്ടും എല്ലാ വെല്ലുവിളികളെയും തരണം ചെയ്താണ് കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ സ്തുത്യർഹമായ നേട്ടം കൈവരിച്ചത്. സാധാരണയായി പുരുഷ ട്രെയിനികൾ മാത്രം കൂടുതലായി തിരഞ്ഞെടുക്കുന്ന മെക്കാനിക് മോട്ടോർ വെഹിക്കിൾ എന്ന വാഹന സംബന്ധമായ ട്രേഡ് സ്വമേധയാ തിരഞ്ഞെടുക്കുകയും അതിൽ ദേശീയ തലത്തിൽ റാങ്ക് ജേതാവുമായി മാറിയത് മറ്റ് വനിതാ ട്രെയിനികൾക്ക് പ്രചോദനകരമായ നേട്ടമാണ്. 

മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലൈയൻസസ് (MCEAA) ട്രേഡിൽ വനിതാ വിഭാഗത്തിൽ മൂന്ന് റാങ്കുകളും പുരുഷ വിഭാഗത്തിലെ മൂന്ന് റാങ്കുകളും ഗവ. ഐ.ടി.ഐ ചാക്കയിലെ ട്രെയിനികൾ കരസ്ഥമാക്കി. സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐ കളിലും വിജയിച്ച ട്രെയിനികൾക്ക് ഉളള കോൺവക്കേഷൻ (ബിരുദദാനം) സെപ്റ്റംബർ 17 ന് രാവിലെ 10.30 ന് അതാത് ഐ.ടി.ഐ കളിൽ വച്ച് നടക്കുന്ന വിപുലമായ ചടങ്ങുകളിലുടെ നടത്തുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  ഇതിനു പുറമേ സെപ്റ്റംബർ 28 ന് സർക്കാർ തലത്തിൽ ദേശീയ റാങ്ക് ജേതാക്കളെയും സംസ്ഥാന റാങ്ക് ജേതാക്കളെയും ആദരിക്കുവാനും തീരുമാനമെടുത്തിട്ടുണ്ട്. തദവസരത്തിൽ വ്യാവസായിക പരിശീലന വകുപ്പ് ജില്ലകൾതോറും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന “ദത്ത് ഗ്രാമം” എന്ന ബൃഹത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.

 

 

Follow Us:
Download App:
  • android
  • ios