ദില്ലി: കോവിഡ്-19 ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ജൂണ്‍ ഒന്നിന് ശേഷം പ്രഖ്യാപിക്കുമെന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). രാജ്യത്തെ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയതിനെ തുടര്‍ന്നാണ് തീരുമാനം ജൂണിലേക്ക് മാറ്റിയത്. പുതുക്കിയ പരീക്ഷകളെ സംബന്ധിക്കുന്ന പുതുക്കിയ തീയതികള്‍ ssc.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് എസ്.എസ്.സി നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇതിന് പുറമേ ഉമംഗ് ആപ്പിലും വിവരങ്ങള്‍ ലഭിക്കും. ജൂനിയര്‍ എന്‍ജിനീയര്‍, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി&ഡി, കമ്പൈന്‍ഡ് ഹയര്‍ സെക്കന്ററി സ്‌കില്‍ ടെസ്റ്റ് എന്നീ പരീക്ഷകളാണ് കോവിഡ്-19 ലോക്ക്ഡൗണിനെത്തുടര്‍ന്ന് എസ്.എസ്.സി മാറ്റിവെച്ചത്. എസ്.എസ്.സി പരീക്ഷാ കലണ്ടര്‍ പ്രകാരം നടക്കേണ്ടിരുന്ന പരീക്ഷകളും തകിടം മറിഞ്ഞിരിക്കുകയാണ്. 2020-ലെ ആദ്യ പരീക്ഷ ഏപ്രിലില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. 

കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി (10+2) തല പരീക്ഷ (ടയര്‍-1) 2019, ജൂനിയര്‍ എന്‍ജിനീയര്‍ (പേപ്പര്‍ 1) പരീക്ഷ 2019, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി പരീക്ഷ, 2019, 2018ലെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി തല പരീക്ഷയുടെ സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ പുതുക്കിയ തീയതികളെ സംബന്ധിച്ച തീരുമാനം 2020 മെയ് 3ന് ശേഷം കൈക്കൊള്ളുമെന്നായിരുന്നു അറിയിച്ചിരുന്നത്.