Asianet News MalayalamAsianet News Malayalam

നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പദ്ധതി; അഞ്ചു വർഷത്തിനിടെ ആരംഭിച്ചത് 4179 പ്രവാസി സ്റ്റാർട്ട് അപ്പുകൾ

സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകാൻ കഴിയുന്ന പ്രവാസികളുടെ പ്രഫഷണൽ നൈപുണ്യത്തിനനുസൃതമായ പുനരധിവാസമാണ് പദ്ധതിയുടെ ലക്ഷ്യം.
 

Norka Startup Project Started in five years 4179 start ups
Author
Trivandrum, First Published Jan 11, 2021, 4:13 PM IST

തിരുവനന്തപുരം: നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പദ്ധതി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൈത്താങ്ങായത് 4179 സംരംഭകർക്ക്. ഈ കാലയളവിൽ 220.37 കോടി രൂപയാണ് പ്രവാസികളുടെ സ്റ്റാർട്ട് അപ്പ് പദ്ധതികൾക്കായി സർക്കാർ അനുവദിച്ചത്. 2019-2020 സാമ്പത്തിക വർഷത്തിൽ മാത്രം 1043 പേരാണ് പ്രവാസി സ്റ്റാർട്ടപ്പ് പദ്ധതി ഉപയോഗപ്പെടുത്തി സംരംഭകരായത്. ഇതിനായി 53.40 കോടി രൂപയാണ്  അനുവദിച്ചത്. വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി ആരംഭിച്ച പദ്ധതിയാണിത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകാൻ കഴിയുന്ന പ്രവാസികളുടെ പ്രഫഷണൽ നൈപുണ്യത്തിനനുസൃതമായ പുനരധിവാസമാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള ബാങ്ക്, കനറാ ബാങ്ക്, ട്രാവൻകൂർ പ്രവാസി ഡെവലപ്പ്മെന്റ് സഹകരണ സൊസൈറ്റി തുടങ്ങി പതിനാറോളം ബാങ്കുകളുടെ സഹകരണത്തോടെ പ്രവാസികൾക്ക് വായ്പാ നൽകുന്നു. 30 ലക്ഷം രൂപ വരെ 15 ശതമാനം മൂലധന സബ്സിഡിയോടെ (പരമാവധി 3 ലക്ഷം രൂപ) വായ്പ ലഭിക്കും. കൃത്യമായ പലിശ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാല് വർഷം 3 ശതമാനം പലിശ ഇളവും നൽകുന്നുണ്ട്. വിദേശത്ത് കുറഞ്ഞത് രണ്ട് വർഷം ജോലി ചെയ്ത് മടങ്ങിയെത്തി കേരളത്തിൽ സ്ഥിരതാമസമാക്കിയവർക്കാണ് സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കാൻ സഹായം നൽകുന്നത്. പദ്ധതി കൂടുതൽ പേരിലേക്ക് എത്തിക്കാനും വായ്പാ നടപടികൾ എളുപ്പമാക്കാനും ഒറ്റ ദിവസം കൊണ്ട് വായ്പാ ലഭ്യമാക്കാൻ സഹായിക്കുന്ന ഫീൽഡ് ക്യാമ്പുകൾ നോർക്ക വ്യപകമാക്കിയിട്ടുണ്ട്. 

ഇത്തരത്തിൽ 2019-20 സാമ്പത്തിക വർഷത്തിൽ ഏഴ് ക്യാമ്പുകൾ നടത്തിയത്. ഇതുവഴി 500 ഓളം പേരെ ഗുണഭോക്താക്കളാക്കി.  2020 നംവംബർ മാസം വരെ 2895 സംരംഭകങ്ങൾക്കായി 45.21 കോടി രൂപ സബ്‌സിഡിയായി വിതരണം ചെയ്തിട്ടുണ്ട്. അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും  http://norkapsp.startupmission.in/  എന്ന ലിങ്ക് സന്ദർശിക്കുക. വിശദവിവരങ്ങൾ 08047180470 (കേരള സ്റ്റാർട്ടപ്പ് മിഷൻ), നോർക്ക ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കാൾ സേവനം) നമ്പറുകളിലും www.norkaroots.org എന്ന വെബ്സൈറ്റിലും ലഭിക്കും.  


 

Follow Us:
Download App:
  • android
  • ios