Asianet News MalayalamAsianet News Malayalam

സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ; വെർച്വൽ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തുടർന്ന് 11 മണി മുതൽ സ്‌കൂൾതല പ്രവേശനോത്സവചടങ്ങുകൾ വെർച്വലായി ആരംഭിക്കും. ജനപ്രതിനിധികളും പ്രഥമാധ്യാപകരും ആശംസകൾ നേരും. കുട്ടികളെ സകുടുംബം പരിപാടികളുടെ ഭാഗമാക്കും.
 

online classes starts from june one
Author
Trivandrum, First Published May 28, 2021, 11:22 AM IST

തിരുവനന്തപുരം: സ്‌കൂളുകളിലെ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈവർഷം വെർച്വൽ ആയി പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ പ്രവേശനോത്സവം രണ്ടുതലങ്ങളിലായാണ്. ജൂൺ ഒന്നിന് രാവിലെ 10 മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 11 മണി മുതൽ സ്‌കൂൾതല പ്രവേശനോത്സവചടങ്ങുകൾ വെർച്വലായി ആരംഭിക്കും. ജനപ്രതിനിധികളും പ്രഥമാധ്യാപകരും ആശംസകൾ നേരും. കുട്ടികളെ സകുടുംബം പരിപാടികളുടെ ഭാഗമാക്കും.

അധ്യയനവർഷം ആരംഭിച്ചാലും കോവിഡ് പശ്ചാത്തലത്തിൽ മുൻവർഷത്തെപ്പോലെ ഡിജിറ്റൽ ക്ലാസുകളാണ് നടത്തുക. ഇതിനായി കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ സംപ്രേഷണം ചെയ്യും. മുൻവർഷത്തെ ക്ലാസുകൾ ആവശ്യമായ ഭേദഗതി വരുത്തി കൂടുതൽ ആകർഷകമായിട്ടാകും ഈ വർഷത്തെ സംപ്രേഷണം. ആദ്യ ആഴ്ചയിൽ കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനുതകുന്ന ക്ലാസുകളും മുൻവർഷ പഠനത്തെ പുതിയ ക്ലാസുകളുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജിംഗ് ക്ലാസുകളുമായിരിക്കും നൽകുക.

ഡിജിറ്റൽ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് വിവിധ സർക്കാർ പൊതുമേഖലാ ഏജൻസികൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ ഇടപെടലിലൂടെ ഡിജിറ്റൽ ക്ലാസ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മുൻവർഷം ഏതാണ്ട് പൂർണമായും ചാനൽ അധിഷ്ഠിതമായിരുന്നു ക്ലാസ് എങ്കിൽ ഈവർഷം സ്‌കൂൾതല അധ്യാപകർ തന്നെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതിയും തയാറാക്കുന്നുണ്ട്. ഇത് ഘട്ടംഘട്ടമായി ക്ലാസ് തലത്തിൽ നടപ്പാക്കും. ഇതിനായി അധ്യാപകർ സ്‌കൂളിലെത്തി സ്‌കൂളിലെ ഐ.ടി സൗകര്യം കൂടി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios