Asianet News MalayalamAsianet News Malayalam

കിളികൊഞ്ചൽ ഓൺലൈൻ പ്രീ സ്കൂൾ പരിപാടിയുടെ നൂറാം എപ്പിസോഡ് തിങ്കളാഴ്ച

കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വീടുകളിൽ ഒതുങ്ങിക്കൂടിയ മൂന്ന് മുതൽ ആറ് വയസ് വരെ പ്രായത്തിലുളള 13,68,553 കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്രദവും ആഹ്ലാദകരവുമായ പരിപാടിയായി കിളികൊഞ്ചൽ മാറി. 

online pre school programme kilikonchal
Author
Trivandrum, First Published Feb 15, 2021, 10:03 AM IST

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ 2020 ജൂലൈ ഒന്ന് മുതൽ വിക്ടേഴ്സ് ചാനൽ വഴി മൂന്ന് വയസ് മുതൽ ആറ് വയസ് വരെ പ്രായമുളള കുട്ടികൾക്കായി സംപ്രേക്ഷണം ചെയ്തുവരുന്ന കിളിക്കൊഞ്ചൽ എന്ന ഓൺലൈൻ പ്രീ സ്‌കൂൾ പരിപാടിയുടെ നൂറാം എപ്പിസോഡ് ഫെബ്രുവരി 15 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്കാണ്. പുന:സംപ്രേഷണം വൈകുന്നേരം ആറ് മണിക്ക്. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വീടുകളിൽ ഒതുങ്ങിക്കൂടിയ മൂന്ന് മുതൽ ആറ് വയസ് വരെ പ്രായത്തിലുളള 13,68,553 കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്രദവും ആഹ്ലാദകരവുമായ പരിപാടിയായി കിളികൊഞ്ചൽ മാറി. 

പരിപാടി വിജയകരമാക്കിയ എല്ലാവരേയും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. കുട്ടികളുടെ ഭാഷാവികാസം, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, സാമൂഹിക വൈകാരിക വികാസം, ക്രിയാത്മകത, സർഗാത്മകത, ആസ്വാദനശേഷി എന്നീ വികാസമേഖലക്ക് പ്രാധാന്യം നൽകിയാണ് ഈ പരിപാടി തയ്യാറാക്കിയത്. വനിത ശിശുവികസന വകുപ്പിന് കീഴിൽ മികച്ച പരിശീലനത്തോടെയും തീം രീതി അടിസ്ഥാനമാക്കിയും കുട്ടികളും രക്ഷിതാക്കളും ഇഷ്ടപ്പെടുന്ന തരത്തിലാണ് പരിപാടി തയ്യാറാക്കിയിട്ടുളളത്.

കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായകരമായ രീതിയിൽ രക്ഷിതാക്കളുടെ സഹായത്തോടെ തീം പ്രകാരമുളള പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ കുട്ടികൾക്കായി പ്രയോജനപ്പെടുത്തുന്നതിനായി മാർഗ നിർദേശങ്ങൾ അടങ്ങിയ പ്രീ സ്‌കൂൾ തീം പോസ്റ്ററുകൾ വീടുകളിൽ എത്തിക്കുന്നതിനുളള നടപടികളും വകുപ്പ് തലത്തിൽ സ്വീകരിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios