മുംബൈ: ഒൻപത്, പതിനൊന്ന് ക്ലാസുകളിൽ തോറ്റുപോയ വിദ്യാർത്ഥികൾക്ക് വീണ്ടും ഒരവസരം കൂടി നൽകാൻ തീരുമാനിച്ച് മഹാരാഷ്ട്ര സർക്കാർ. വീഡിയോ കോൺഫറൻസ് വഴി വാക്കാൽ പരീക്ഷ നടത്താനാണ് സ്കൂളുകൾക്ക് സർക്കാരിന്റെ നിർദ്ദേശം. ഓ​ഗസ്റ്റ് ഏഴിനാണ് പരീക്ഷ നടത്തുക. 

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പുനപരീക്ഷ നടത്തുക സാധ്യമല്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് സർക്കാർ പുറത്തിറക്കിയ മാർ​ഗനിർദ്ദേശങ്ങളിൽ പറയുന്നു. വീഡിയോ കോൺഫറൻസിലൂടെ വിദ്യാർത്ഥികളെ വിളിച്ച് ചോദ്യ പരീക്ഷ നടത്താനാണ് സർക്കാരിന്റെ തീരുമാനം. 

ഈ പരീക്ഷയിൽ വിജയിക്കുന്ന കുട്ടികൾക്ക് 2020-2021 അധ്യയന വർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് പ്രവേശനം നൽകും. 2018 ൽ ഒൻപതാം ക്ലാസിൽ തോറ്റുപോയ വിദ്യാർത്ഥികൾക്ക് പുനപരീക്ഷ നടത്തി പത്താം ക്ലാസിലേക്ക് പ്രവേശനം നൽകിയിരുന്നു. എന്നാൽ‌ കൊവിഡ് സാഹചര്യത്തിൽ സ്കൂളിലെത്തി പരീക്ഷയെഴുതിക്കുക എന്നത് ബുദ്ധിമുട്ടുള്ളതാണെന്നും മാർ​ഗനിർദ്ദേശത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.