ദില്ലി: കൊവിഡ് 19 വാക്സിന്‍ കണ്ടെത്തുന്നത് വരെ സ്കൂള്‍ തുറക്കരുതെന്ന ഭീമ ഹര്‍ജിയുമായി രക്ഷിതാക്കള്‍. ലോക്ക്ഡൌണ്‍ നാലാം ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ വലിയ രീതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് രക്ഷിതാക്കളുടെ ഭീമഹര്‍ജി തയ്യാറായത്. ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ഹര്‍ജിയില്‍ 24 മണിക്കൂറിനുള്ളില്‍ ഒപ്പ് വച്ചത് രണ്ട് ലക്ഷത്തോളം രക്ഷിതാക്കളാണ്. നോ വാക്സിന്‍ നോ സ്കൂള്‍ എന്ന പേരിലാണ് ഓണ്‍ലൈന്‍ ഹര്‍ജി തയ്യാറാക്കിയിട്ടുള്ളത്.

ജൂണ്‍ 30 വരെ സ്കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കുമെന്ന് കേന്ദ്രം വിശദമാക്കിയിരുന്നു. ജൂലൈയില്‍ സ്കൂളുകള്‍ തുറക്കുന്ന വിഷയം സംബന്ധിച്ച കാര്യത്തില്‍  അഭിപ്രായം തേടിയതിന് പിന്നാലെയാണ് രക്ഷിതാക്കളുടെ സംഘടന ഓണ്‍ലൈന്‍ ഹര്‍ജി തയ്യാറാക്കിയത്. ഒരു കേസുകള്‍ പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യമുണ്ടാവുകയോ വാക്സിന്‍ ലഭ്യമാവുകയോ ചെയ്യാത്ത സാഹചര്യത്തില്‍ സ്കൂള്‍ തുറക്കുന്നത് ആശങ്കാജനകമാണ്. 

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഹര്‍ജിയുടെ ഭാഗമായിരിക്കുന്നത്. സ്കൂളുകളിലേക്ക് കുട്ടികളെ അയക്കാതെ ഓണ്‍ലൈന്‍ സംവിധാനം പഠനത്തിനായി ഉപയോഗിക്കുന്ന സാഹചര്യമുണ്ടാവണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജൂലൈ മാസത്തില്‍ സ്കൂള്‍ തുറക്കുന്നത് സര്‍ക്കാരിന്‍റെ തെറ്റായ സമീപനം ആകുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഇ ലേണിംഗ് സുഗമമാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. മികച്ച രീതിയില്‍ ഇ ലേണിംഗ്  നടത്താന്‍ സാധിക്കുമ്പോള്‍ എന്തുകൊണ്ട് അത് വര്‍ഷം മുഴുവന്‍ തുടരാന്‍ സാധിക്കാത്തതെന്നും രക്ഷിതാക്കളുടെ ഹര്‍ജിയില്‍ ചോദിക്കുന്നു.