പാഴാകുന്ന പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍ ഉത്പാദിപ്പിക്കുന്ന പൂപ്പലിനെ വളര്‍ത്തുന്നതാണ് സാങ്കേതിക വിദ്യ. സോളിഡ് സ്റ്റേറ്റ് ഫെര്‍മന്റേഷന്‍ പ്രക്രിയയിലൂടെ ജൈവമാലിന്യം മാധ്യമമാക്കിയാണ് പെന്‍സിലിന്‍ ഉത്പാദിപ്പിക്കാനാവുക.

കോഴിക്കോട്: കുറഞ്ഞ ചെലവില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പെന്‍സിലിന്‍ നിര്‍മിക്കാവുന്ന കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകന് പേറ്റന്റ്. സര്‍വകലാശാലാ ബയോടെക്നോളജി പഠനവകുപ്പിലെ അസോ. പ്രൊഫ. ഡോ. സി. ഗോപിനാഥനാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. പാഴാകുന്ന പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍ ഉത്പാദിപ്പിക്കുന്ന പൂപ്പലിനെ വളര്‍ത്തുന്നതാണ് സാങ്കേതിക വിദ്യ. സോളിഡ് സ്റ്റേറ്റ് ഫെര്‍മന്റേഷന്‍ പ്രക്രിയയിലൂടെ ജൈവമാലിന്യം മാധ്യമമാക്കിയാണ് പെന്‍സിലിന്‍ ഉത്പാദിപ്പിക്കാനാവുക.

ചീഞ്ഞ മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ കുഴമ്പു പരുവത്തിലാക്കി അതില്‍ തവിട്, ഉമിക്കരി എന്നിവ കലര്‍ത്തി ലായനിയാക്കുന്നു. ഇതിലാണ് പെന്‍സിലിയം പൂപ്പലിനെ വളര്‍ത്തുക. ഒരാഴ്ച കഴിഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തിയ പൂപ്പലില്‍ നിന്ന് പെന്‍സിലിന്‍ തന്മാത്ര വേര്‍തിരിച്ചെടുക്കാനാകും. നിലവില്‍ പെന്‍സിലിന്‍ നിര്‍മാണത്തിന് ചെലവ് വളരെ കൂടുതലാണ്. ബയോ റിയാക്ടറുകളില്‍ സബ്മെര്‍ജഡ് ഫെര്‍മന്റേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. ഗ്ലൂക്കോസ്, ലാക്ടോസ് തുടങ്ങിയ വിലകൂടിയ അസംസ്‌കൃത വസ്തുക്കളും വേണം. ഇതിനുള്ള ബയോറിയാക്ടറുകള്‍ക്ക് കൂടുതല്‍ ചെലവുണ്ട്. പുതിയ സാങ്കേതിക വിദ്യ തേടി മരുന്നുനിര്‍മാണ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. സി. ഗോപിനാഥന്‍ പറഞ്ഞു. കൊതുകു നശീകരണത്തിനായി ' ബാസിലസ് തുറുഞ്ചിയന്‍സ് ഇസ്രായിലിയന്‍സ് ' എന്ന ബാക്ടീരിയ ഉപയോഗിച്ച് ചെറിയ ചെലവില്‍ ജൈവ കീടനാശിനി നിര്‍മിക്കുന്ന സാങ്കേതിക വിദ്യക്ക് 2017-ല്‍ ഡോ. ഗോപിനാഥിന് പേറ്റന്റ് ലഭിച്ചിരുന്നു.

സര്‍വകലാശാലയില്‍ ദേശീയ കായികദിനാഘോഷം
ദേശീയ കായികദിനാഘോഷത്തിന്റെ ഭാഗമായി സര്‍വകലാശാലാ കായികവിഭാഗം സംഘടിപ്പിച്ച മിനി മാരത്തോണില്‍ കെ.ടി. അബ്ദുള്‍ ബാസിത് (ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍) പുരുഷ വിഭാഗത്തിലും അഞ്ജു റോസ് (സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍, കാലിക്കറ്റ് സര്‍വകലാശാല) വനിതാ വിഭാഗത്തിലും ചാമ്പ്യന്മാരായി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മത്സരം ഫ്ളാഗ് ഓഫ് ചെയ്തു. കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡോ. കെ.പി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ അത്ലറ്റിക്സ് ടീം മാനേജര്‍ പി.ഐ. ബാബു വിദ്യാര്‍ഥികളുമായി സംവദിച്ചു. ബാസ്‌ക്റ്റ് ബോള്‍, ഫിറ്റ്നസ് ചാലഞ്ച് മത്സരങ്ങളും അരങ്ങേറി.

വസ്തുതാ പരിശോധന ശില്‍പശാല
കാലിക്കറ്റ് സര്‍വകലാശാലാ മാധ്യമപഠനവിഭാഗം ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവ്, ഡാറ്റാ ലീഡ്‌സ് എന്നിവയുടെ സഹകരണത്തോടെ വസ്തുതാ പരിശോധനാ ശില്‍പശാല സംഘടിപ്പിച്ചു. ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവ് പരിശീലകന്‍ അനന്തപത്മനാഭന്‍ ക്ലാസെടുത്തു. അദ്ധ്യാപകരും മാധ്യമപഠന ഗവേഷകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2022-2023 സാമ്പത്തികവര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന / കേന്ദ്ര സര്‍ക്കാറില്‍ നിന്നും ഒരു വിധത്തിലുളള സ്‌കോളര്‍ഷിപ്പും ലഭിക്കാത്ത 1 മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി/പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. www.schemes.wcd.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 15 ന് മുന്‍പ് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.