തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള ഹയര്‍സെക്കന്ററി പ്രവേശന നടപടികള്‍ക്ക് തുടക്കമായി. പതിവുപോലെ ഏകജാലക പ്രവേശനമാണ് ഇത്തവണയും. hscap.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പത്താംക്ലാസില്‍ എല്ലാ വിഷയങ്ങളിലും പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന സിലബസിനു പുറമെ സി.ബി.എസ്.ഇ അടക്കമുള്ള മറ്റ് സ്‌കീമുകളില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാനുള്ള അവസരമുണ്ട്.

പ്രവേശന നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലായിരിക്കും നടക്കുകയെന്ന് നേരത്തെ അറിയിച്ചിരുന്നു. സഹായങ്ങള്‍ക്ക് അധ്യാപകരെ ബന്ധപ്പെടാം. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും മികച്ച അഡ്മിഷന്‍ രീതി ഓണ്‍ലൈന്‍ വഴിയാണെന്നും  അധികൃതര്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് 18-ന് ട്രയല്‍ അലോട്ടമെന്റും 24-ന് ആദ്യ അലോട്ടമെന്റും നടത്തും. മുഖ്യ അലോട്ട്‌മെന്റുകളുടെ ഘട്ടം സെപ്റ്റംബര്‍ 15-ന് അവസാനിക്കും. വിവിധ രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍പ്പേര്‍ തിരിച്ചെത്തിയതിനാല്‍ കൂടുതല്‍ അപേക്ഷകരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സീറ്റ് വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല.