തിരുവനന്തപുരം: ഉദ്യോ​ഗാർത്ഥികൾ എത്രയും വേ​ഗം പ്രൊഫൈലുമായി ആധാർ ബന്ധിപ്പിക്കണമെന്ന നിർദ്ദേശവുമായി പിഎസ്‍സി. ഒറ്റത്തവണ രജിസ്ട്രേഷൻ മുഖേന 52 ലക്ഷത്തിലേറെ ഉദ്യോ​ഗാർത്ഥികൾ ഇതേവരെ പിഎസ്‍സിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ മുപ്പത് ലക്ഷത്തിലേറെപ്പേർ ആധാർ പ്രൊഫൈലിൽ ലിങ്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരോടും കൂടി ആധാർ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പിഎസ്‍സി നിർദ്ദേശം നൽകിയിരിക്കുകയാണ്. വ്യാജ അപേക്ഷകരെ തടയേണ്ടതും പിഎസ്‍സി പരീക്ഷാ നടപടികൾ സുതാര്യമാകേണ്ടതിനും വേണ്ടിയാണ് ഈ നിർദ്ദേശമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഇതിന് വേണ്ടി പിഎസ്‍സി സ്വീകരിക്കുന്ന എല്ലാ നടപടികളോടും ഉദ്യോ​ഗാർത്ഥികൾ സഹകരിക്കേണ്ടതാവശ്യമാണ്. 

ഉദ്യോ​ഗാർത്ഥികളെ തിരിച്ചറിയാൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താനുള്ള നടപടിയുടെ ഭാ​ഗമായിട്ടാണ് ആധാർ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യണമെന്ന് പിഎസ്‍സി നിർദ്ദേശം നൽകിയിരിക്കുന്നത്.  പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ഹോം പേജില്‍ കാണുന്ന ആധാര്‍ ലിങ്കിംഗ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ലിങ്കിംഗ് ആധാര്‍ വിത്ത് പ്രൊഫൈല്‍ വിന്‍ഡോയില്‍ ആധാര്‍ നമ്പര്‍, ആധാര്‍ കാര്‍ഡിലുള്ള പേര് എന്നിവ നല്‍കി കണ്‍സെന്‍റ് ഫോര്‍ ഓതന്‍റിക്കേഷനില്‍ ടിക് ചെയ്ത ശേഷം ലിങ്ക് വിത്ത് പ്രൊഫൈല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആധാര്‍ ലിങ്കിംഗ് പൂര്‍ത്തിയാക്കാം.