തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് സ്പെഷൽ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി പിഎസ്‍സി. പൊലീസ് കോൺസ്റ്റബിളിന്റെ 125 ഒഴിവുകളിലേക്കാണ് പട്ടികവര്‍ഗക്കാര്‍ക്ക് പി.എസ്.സി.യുടെ സ്‌പെഷ്യല്‍ വിജ്ഞാപനം. വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകള്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നീ പ്രദേശങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളില്‍ താമസിക്കുന്ന എല്ലാ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍നിന്നുമാത്രം രണ്ടാംഘട്ട സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്.

എസ്.എസ്.എല്‍.സി. പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ആണ് വിദ്യാഭ്യാസ യോ​ഗ്യത. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എസ്.എസ്.എല്‍.സി. തോറ്റവരെയും പരിഗണിക്കുന്നതാണ്. മതിയായ എണ്ണം ഉദ്യോഗാര്‍ഥികളെ ലഭ്യമായിട്ടില്ലെങ്കില്‍ വിദ്യാഭ്യാസയോഗ്യത 8-ാം ക്ലാസുവരെ താഴ്ത്തുന്നതാണ്. 22,200-48,000 രൂപ വരെയാണ് ശമ്പളം. അപേക്ഷ: കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ജൂണ്‍ 24-ന് വൈകിട്ട് അഞ്ചുവരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.