Asianet News MalayalamAsianet News Malayalam

ബിരുദ പരീ​ക്ഷയിൽ ഒന്നാം റാങ്ക് നേടി അതിഥിതൊഴിലാളിയുടെ മകൾ; ഈ വിജയത്തിന് പത്തരമാറ്റ് തിളക്കം

എസ്എസ്എൽസിക്കും പ്ലസ് ടൂവിനും മികച്ച വിജയം നേടിയാണ് പായൽ  അച്ഛന്റെ ആ​ഗ്രഹത്തിന് പിന്തുണ നൽകിയത്. പത്താം ക്ലാസിൽ 83 ശതമാനം മാർക്കും പ്ലസ് ടൂവിന് 95 ശതമാനം മാർക്കുമാണ് പായൽ നേടിയത്. 
 

pyal got first rank in degree examination
Author
Kochi, First Published Aug 23, 2020, 3:18 PM IST

കൊച്ചി: ഇരുപത് വർഷങ്ങൾക്ക് മുമ്പ് ബീഹാറിൽ നിന്ന് കേരളത്തിലേക്ക് അതിഥികളായി കുടിയേറിയവരാണ് പായൽ കുമാരി എന്ന പെൺകുട്ടിയുടെ കുടുംബം. ജോലി തേടി കേരളത്തിലെത്തുന്ന ആയിരക്കണക്കിന് അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിലൊന്നു മാത്രമായിരുന്നു ഇവർ. എന്നാൽ രണ്ട് ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങളും ജനങ്ങളും പായലിനെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. 

എംജി യൂണിവേഴ്സിറ്റി ബിഎ ആർക്കിയോളജിക്കൽ ആന്റ് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടി ചരിത്രമെഴുതിയിരിക്കുകയാണ് ഈ പെൺകുട്ടി. പെരുമ്പാവൂർ മാർത്തോമ്മ വനിതാ കോളേജിലാണ് പായൽ പഠിച്ചത്. 'റാങ്ക് കിട്ടുമെന്നൊന്നും ഞാൻ പ്രതീക്ഷിച്ചതേയില്ല. നല്ല മാർക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു.' പായൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിച്ചു തുടങ്ങുന്നു. 

ബീഹാറിലെ ഷേഖ്പുര ജില്ലയിലെ ​ഗോസിയാമതി എന്ന ​ഗ്രാമത്തിൽ നിന്നാണ് പ്രമോദ് കുമാർ ബിന്ദുദേവി ദമ്പതികൾ തൊഴിൽ തേടി കേരളത്തിലെത്തിയത്. എറണാകുളം ജില്ലയിലെ കങ്ങരപ്പടിയിലാണ്  ഇപ്പോൾ ഇവരുടെ താമസം. പല ജോലികൾ ചെയ്താണ് അച്ചൻ കുടുംബം മുന്നോട്ട് കൊണ്ടുപോയതെന്ന് പായൽ പറയുന്നു. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആ​ഗ്രഹമെന്നും പായൽ കൂട്ടിച്ചേർക്കുന്നു. എസ്എസ്എൽസിക്കും പ്ലസ് ടൂവിനും മികച്ച വിജയം നേടിയാണ് പായൽ  അച്ഛന്റെ ആ​ഗ്രഹത്തിന് പിന്തുണ നൽകിയത്. പത്താം ക്ലാസിൽ 83 ശതമാനം മാർക്കും പ്ലസ് ടൂവിന് 95 ശതമാനം മാർക്കുമാണ് പായൽ നേടിയത്. 

'വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന നാടാണ് കേരളം. ഇവിടെ ഇത്രയും നല്ല വിജയം നേടിയെന്ന് അറിഞ്ഞപ്പോൾ ബീഹാറിലെ ​ഗ്രാമത്തിൽ എല്ലാവർക്കും സന്തോഷമായി. പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നതും ജോലിക്ക് പോകുന്നതും അവിടെ അപൂർവ്വമാണ്. അവിടെ അച്ഛന്റെ കുടുംബാം​ഗങ്ങളെല്ലാവരുമുണ്ട്. കൃഷിക്കാരാണ് അവിടെ കൂടുതലുള്ളത്.'  പായൽ പറയുന്നു. പഠിക്കാൻ പ്രത്യേക സമയമൊന്നും ഇല്ല. വീട്ടിലെ എല്ലാ ജോലികളും തീർത്തതിന് ശേഷമാണ് പഠിക്കാനിരിക്കുന്നത്. കാണാപാഠം പഠിക്കില്ല. എല്ലാം മനസ്സിലാക്കി പഠിക്കും. പഠിക്കാനിരിക്കുന്ന സമയത്ത് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറില്ലെന്നാണ് പായലിന്റെ മറ്റൊരു വിജയമന്ത്രം. 

സാമ്പത്തിക പ്രതിസന്ധി മൂലം പഠനം വേണ്ടെന്ന് വെക്കാൻ ഒരിക്കൽ തീരുമാനിച്ചതായും പായൽ വെളിപ്പെടുത്തുന്നു. എന്നാൽ അധ്യാപകരും മാനേജ്മെന്റും നൽകിയ പിന്തുണയും സ​ഹായവും കൊണ്ടാണ് മുന്നോട്ട് പഠിക്കാൻ തീരുമാനിച്ചത്. ഈ വിജയത്തിന് തന്നെ സഹായിച്ചവരോടെല്ലാം കടപ്പാടുണ്ടെന്നും പായൽ പറയുന്നു. സിവിൽ സർവ്വീസ് എന്നൊരു സ്വപ്നമുണ്ട് പായലിന്. വി​ദ്യാഭ്യാസത്തിന് അധികം പ്രാധാന്യം നൽകാത്ത തന്റെ ​ഗ്രാമത്തിലേക്ക് തിരികെ പോകണമെന്നും തന്നെക്കൊണ്ട് സാധിക്കുന്ന വിധത്തിൽ അവരെ വിദ്യാഭ്യാസപരമായി സഹായിക്കണമെന്നും പായൽ പറയുന്നു.  സഹോദരൻ ആകാശ് കുമാർ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. സഹോദരി പല്ലവി കുമാരി, അമ്മ ബിന്ദു ദേവി. 

Follow Us:
Download App:
  • android
  • ios