ദില്ലി: സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ഗാർഡ് ഉൾപ്പെടെയുള്ള തസ്തികകളിലെ തിരഞ്ഞെടുപ്പിനായി നടത്തുന്ന നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറി (എൻ.ടി.പി.സി) പരീക്ഷയ്ക്ക് മുന്നോടിയായി മോക്ക് ടെസ്റ്റിന് അവസരമൊരുക്കി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർ.ആർ.ബി). വ്യത്യസ്ത റീജിയണിലുള്ളവർക്ക് അതാത് റീജയണിന്റെ വെബ്സൈറ്റിലൂടെ മോക്ക് ടെസ്റ്റെഴുതാം. 

രജിസ്റ്റർ ചെയ്തിട്ടുള്ള മെയിലിൽ ലഭിച്ച യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ജനുവരി 13 വരെ മോക്ക്ടെസ്റ്റെഴുതാം. കംപ്യൂട്ടറധിഷ്ഠിത രീതിയിലുള്ള പരീക്ഷ ഡിസംബർ 28 മുതലാണ് ആരംഭിക്കുക. ഡിസംബർ 24 മുതൽ ഉദ്യോഗാർഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 23 ലക്ഷത്തിലധികം പേരാണ് ആദ്യഘട്ട പരീക്ഷയെഴുതാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1.27 കോടിപ്പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.