ദില്ലി: 10 ദിവസമെങ്കിലും സ്കൂൾ ബാ​ഗിന്റെ ഭാരമില്ലാതെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനുള്ള അവസരമൊരുക്കണമെന്ന് കേന്ദ്രസർക്കാർ. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിൽ വരുത്തുന്നതിന്റെ ഭാ​ഗമായിട്ടാണ് ഈ മാറ്റം. ഒന്നാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പത്ത് ദിവസമെങ്കിലും ബാ​ഗിന്റെ ഭാരമില്ലാതെ ക്ലാസിൽ പോകാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. അതുപോലെ തന്നെ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യവും നൽകണം. 

എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ബാ​ഗിന്റെ ഭാരം അവരുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ കൂടാൻ പാടില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പ്രീ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാ​ഗ് വേണ്ട. ബാ​ഗിന്റെ ഭാരം പരിശോധിക്കാൻ ഓരോ സ്കൂളിനും ഡിജിറ്റൽ മെഷീൻ നിർബന്ധമാക്കും. ബാ​ഗുകൾ ഭാരം കുറഞ്ഞതും രണ്ട് ചുമലിലും തൂക്കിയിടാൻ സാധിക്കുന്നതുമായിരിക്കണം. കൊവിഡ് പ്രതിസന്ധിക്ക് ശേഷം വിദ്യാർത്ഥികൾ സ്കൂളിലെത്തുമ്പോൾ ഈ പരിഷ്കാരങ്ങൾ പ്രാവർത്തികമാക്കണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു.