Asianet News MalayalamAsianet News Malayalam

Self Employment| പത്തനംതിട്ട ജില്ലയിൽ വിവിധ സ്വയം തൊഴില്‍ സംരംഭങ്ങൾ തുടങ്ങാം; നിബന്ധനകളും വിശദാംശങ്ങളും ഇവ

 ജില്ലയിലെ  വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര്   രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വയം  തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള   അപേക്ഷകള്‍ ക്ഷണിച്ചു.

self employment projects pathanamthitta district
Author
Pathanamthitta, First Published Nov 12, 2021, 9:42 AM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ (pathanamthitta district)  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ (employment Exchange) ആഭിമുഖ്യത്തില്‍ ജില്ലയിലെ  വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര്   രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വയം  തൊഴില്‍ സംരംഭം (Self Employment) തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

സ്വയം തൊഴില്‍ സംരംഭത്തിന്റെ പേര്

1. കെസ്റു: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം  തൊഴില്‍ പദ്ധതി.

അപേക്ഷകന്‍/അപേക്ഷക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍  നിലവിലുള്ള ആളായിരിക്കണം. പ്രായ പരിധി 21 നും 50 നും മധ്യേ കുടുംബ  വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍  കവിയരുത്. വായ്പ തുക പരമാവധി 1,00,000 രൂപയായിരിക്കും. വായ്പ തുകയുടെ 20 ശതമാനം സബ്സിഡിയായി സംരംഭകരുടെ  ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും.

2. മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ്/ജോബ് ക്ലബ്:- എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വായ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതി.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം. പ്രായം 21 നും 45 നും മധ്യേ. പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷവും പട്ടികജാതി/പട്ടിക വര്‍ഗ വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.  കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഓരോ  ക്ലബ്ബിലും കുറഞ്ഞത് രണ്ട് അംഗങ്ങള്‍ വീതം ഉണ്ടായിരിക്കണം.  ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.  പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്സിഡിയായി അനുവദിക്കും.  

3. ശരണ്യ:-എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍. 30 വയസ് കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ(അക്യൂട്ട് കിഡ്നി പ്രോബ്ലം, ക്യാന്‍സര്‍, മാനസിക രോഗം, ഹീമോഫീലിയ തുടങ്ങിയവ)ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നീ അശരണരായ വനിതകള്‍ക്ക് മാത്രമായിട്ട് എംപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടത്തുന്ന സ്വയം തൊഴില്‍ പദ്ധതി.

എപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍  രജിസ്ട്രേഷന്‍ നിലവിലുണ്ടായിരിക്കണം. അപേക്ഷക വിദ്യാര്‍ഥി ആയിരിക്കുവാന്‍ പാടില്ല. പ്രായപരിധി 18-നും 55നും മധ്യേ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയില്‍ കവിയരുത്. വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000രൂപ സബ്സിഡിയായി അനുവദിക്കാം.

4. നവജീവന്‍:- കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്വയം  തൊഴില്‍ പദ്ധതി. വായ്പ തുകപരമാവധി 50,000 രൂപയായിരിക്കും. വായ്പ തുകയുടെ 25 ശതമാനം സബ്സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. തിരിച്ചടവും പലിശയും ധനകാര്യ സ്ഥാപനങ്ങളുടെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.

അര്‍ഹത: എപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍  രജിസ്ട്രേഷന്‍ നിലവിലുണ്ടായിരിക്കണം. പ്രായപരിധി 50-നും 65നും മദ്ധ്യേ ആയിരിക്കണം. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

5. കൈവല്യ:- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കായി എപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി. ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000  രൂപ സബ്സിഡിയായി അനുവദിക്കും.

അര്‍ഹത: എപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍  രജിസ്ട്രേഷന്‍  നിലവില്‍ ഉണ്ടായിരിക്കണം. പ്രായപരിധി 21 നും 55നും മധ്യേ. അപേക്ഷകന്‍ വിദ്യാര്‍ഥിയാകാന്‍ പാടില്ല. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ഫോണ്‍: 0468 2222745

Follow Us:
Download App:
  • android
  • ios