കാസര്‍കോട്: നാടെങ്ങുമുള്ള കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തില്‍ മുഴുകുമ്പോഴും ഈ സംവിധാനങ്ങളൊക്കെ സ്വപ്നം കണ്ടുകഴിയുന്ന രണ്ടു കുരുന്നുകളുണ്ട് കാസര്‍കോട് രാജപുരത്ത്. സര്‍ക്കാര്‍ സംവിധാനങ്ങളും അധ്യാപകരുമടക്കം ആരും സഹായത്തിനെത്താത്തതോടെ സ്വയം പുസ്തകം വായിച്ചു പഠിക്കുകയാണ് ആദിവാസി വിഭാഗത്തില്‍ പെട്ട അരവിന്ദും ചേച്ചി രേവതിയും.

അഞ്ചാം ക്ലാസുകാരനായ അരവിന്ദിന്‍റെ പാഠഭാഗം പോലെ തന്നയാണ് അവന്‍റെയും ചേച്ചി രേവതിയുടെയും ജീവിതം. രാജപുരം സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഇരുവരും താമസിക്കുന്നത് പാലങ്കല്‍ കുറത്തി ആദിവാസി കോളനിയില്‍ പ്ലാസ്റ്റിക് ഷീറ്റുകോണ്ടുമറച്ച ഈ വീട്ടില്‍. സര്‍ക്കാര്‍ ഓണ്‍ലൈന്‍ പഠനം തുടങ്ങിയ കാലം മുതൽ ഓഫീസുകള്‍ കയറിയിറങ്ങുന്നതാണ്. ടിവി പോയിട്ട് ഒരു വൈദ്യുതി കണക്ഷന്‍ പോലും ഈ വീട്ടിൽ കിട്ടിയിട്ടില്ല. റേഷന്‍കാര്‍ഡില്ലാത്തതാണ് കാരണമായി കെഎസ്ഇബി ഇവരെ അറിയിച്ചത്. ആദിവാസിവിഭാഗത്തില്‍ പെട്ടവരെ ശ്രദ്ധിക്കേണ്ട പട്ടികവര്‍ഗ്ഗവകുപ്പാണെങ്കില്‍ തിരിഞ്ഞുനോക്കിയിട്ടില്ല. രോഗിയായ അച്ഛനെ ബുദ്ധിമുട്ടിക്കേണ്ടെന്ന് തീരുമാനിച്ച് ഇവര്‍ സ്വയം പഠനം തുടങ്ങി

അധ്യാപകരോ മറ്റു സഹായങ്ങളോ ഒന്നുമില്ലാതെ പഠിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് പത്താം ക്ലാസുകാരിയായ രേവതിക്ക് നന്നായറിയാം. പരിഹരിക്കാന്‍ മാര്‍ഗ്ഗമില്ലെന്നു പറഞ്ഞ് കെഎസ്ഇബി കൈ മലർത്തുകയാണ്. വില്ലേജില്‍ നിന്നും പഞ്ചായത്തില്‍ നിന്നും ആവശ്യമായ രേഖകളെത്തിച്ചാല്‍ റേഷൻ കാർഡ് നല്‍കാമെന്നായിരുന്നു പൊതുവിതരണ വകുപ്പിന്‍റെ വിശദീകരണം. കുട്ടികള്‍ ഇങ്ങനെ പഠിച്ചാല്‍ മതിയോ എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല.