ദില്ലി: കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരം​ഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അവസാന വർഷ വിദ്യാർത്ഥികളുടെ സർവ്വകലാശാല പരീക്ഷകൾ റദ്ദാക്കാൻ ആഹ്വാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി. വിഷയം ചൂണ്ടിക്കാണിച്ച് ശശി തരൂർ കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. മഹാമാരിയുടെ മധ്യേ പരീക്ഷ നടത്തുന്ന നടപടി നിരുത്തരവാദപരമാണെന്നും കത്തില്‍ ശശി തരൂർ വിമർശിച്ചു. ഓഫ്‍ലൈനായി പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുമെന്നും തരൂർ പറഞ്ഞു.

കേരള സർവ്വകലാശാലയുടെ ആറാം സെമസ്റ്റര്‍ പരീക്ഷ ജൂൺ 15നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരെ ട്വീറ്റിൽ ശശി തരൂർ പ്രതിഷേധമറിയിച്ചിരുന്നു. 'കേരള സർവ്വകലാശാല പരീക്ഷകൾ ജൂൺ 15ന് നടത്തുന്നത് നിരുത്തരവാദപരമാണ്. വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്ക് അവരെ തളളിവിടുന്നത് അനീതിയാണ്.' ശശി തരൂർ ട്വീറ്റിൽ കുറിച്ചു. 

കൊവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന്‍റെ പകര്‍പ്പും ശശി തരൂർ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ സർവ്വകലാശാല പരീക്ഷകൾ നടത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നു. വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരി​ഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ശശി തരൂർ എംപി കത്തിൽ ​ഗവർണറോട് അഭ്യർത്ഥിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona