റാഞ്ചി: സോനാഝാര്യ മിൻസ് എന്ന പെൺകുട്ടിയുടെ മുഖത്ത് നോക്കി അവളുടെ ​ഗണിതാധ്യാപകൻ പറഞ്ഞ വാചകം ഇതായിരുന്നു, 'നിന്നെ ഒന്നിനും കൊള്ളില്ല'. കണക്കിൽ മിടുക്കിയായിരുന്നിട്ടും ഇത്തരമൊരു വാചകം കേൾക്കേണ്ടി വന്നല്ലോ എന്നോർത്ത് തല കുനിക്കുകയല്ല സോനാഝാര്യ ചെയ്തത്. മറിച്ച് അധിക്ഷേപിച്ച അധ്യാപകന്റെ വിഷയത്തിന് നൂറിൽ നൂറ് മാർക്ക് വാങ്ങി പകരം വീട്ടി. ഒന്നല്ല, മൂന്നു തവണ. ഝാർഖണ്ഡിലെ സിഡോ കൻഹു മുർമു സർവ്വകലാശാല വൈസ് ചാൻസലർ പദവിയിലേക്ക് എത്തിപ്പെട്ട ​ഗോത്രവർ​ഗ വിഭാ​ഗത്തിൽ പെട്ട സോനാഝാര്യ മിൻസ് എന്ന വനിത പോരാടാൻ തുടങ്ങിയതും ഇവിടെ നിന്നാണ്. ​ഗുംലയിലെ ഒറാവോൺ ​ഗോത്രവിഭാ​ഗത്തിൽ പെട്ട വ്യക്തിയാണ് സോനാഝാര്യ.  

ആദിവാസി വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന റാഞ്ചിയിലെ സ്കൂളിലായിരുന്നു സോനാഝാര്യയും പഠിച്ചത്. ''ഞാനൊരു ആദിവാസിവിഭാ​ഗത്തിൽ പെട്ട വിദ്യാർത്ഥിയായിരുന്നത് കൊണ്ട് ഇം​ഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കാൻ സാധിച്ചില്ല.  ഞാൻ പഠിച്ച സെന്റ് മാർ​ഗരറ്റ് സ്കൂളിൽ ഹിന്ദി മീഡിയമായിരുന്നു. കൂടാതെ ഇവിടത്തെ അധ്യാപകരും വിദ്യാർത്ഥികളും ഭൂരിഭാ​ഗം പേരും ആദിവാസികളായിരുന്നു. ഏറ്റവും മികച്ച വിദ്യാർത്ഥിയായിട്ടാണ് ഞാൻ പഠിച്ചത്.'' സോനാഝാര്യയുടെ വാക്കുകൾ. ​''ഗണിതം പഠിപ്പിച്ചു കൊണ്ടിരുന്ന അധ്യാപകൻ ആദിവാസി ആയിരുന്നില്ല. എനിക്കേറ്റവും പ്രാവീണ്യമുള്ള വിഷയമായിരുന്നു ​ഗണിതം എന്ന് അദ്ദേഹത്തിനറിയാം. എന്നിട്ടും എന്നെ ഒന്നിനും കൊളളില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ഗണിതത്തിന് മൂന്നു തവണ നൂറിൽ നൂറ് മാർക്കും നേടിയാണ് ‍ഞാൻ വിജയിച്ചത്. ബിരുദത്തിന് ​ഗണിതം തെരഞ്ഞെടുക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. പക്ഷേ അദ്ദേഹം പറഞ്ഞത് കൊണ്ട് മാത്രം വാശിയോടെ ​ഗണിതം തന്നെ പഠിച്ചു.'' വൈസ് ചാൻസലറായി നിയമിതയായ ശേഷം മാധ്യമങ്ങളോടെ സംസാരിക്കവേ സോനാഝാര്യ പറഞ്ഞ വാക്കുകളാണിത്. 

ബുധനാഴ്ചയാണ് സോനാഝാര്യയ്ക്ക് വൈസ് ചാൻസലർ പദവിയിലേക്കുള്ള  നിയമന ഉത്തരവ് ലഭിക്കുന്നത്. റാഞ്ചിയിലെ വീട്ടിൽ നിന്നും ജെഎൻയുവിലേക്കുള്ള യാത്രയിലായിരുന്നു ഈ സമയം സോനാഝാര്യ. ലോക്ക് ഡൗൺ മൂലം റാഞ്ചിയിൽ കുടുങ്ങിപ്പോയ‌ിരുന്നു ഇവർ. മെയ് മാസത്തിലാണ് നാല് സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഹസാരിബാ​ഗിലെ വിനോബഭാവെ യൂണിവേഴ്സിറ്റിയിലും എസ്കെഎംയു യൂണിവേഴ്സിറ്റിയിലുമാണ് സോനാഝാര്യ മിൻസ് അപേക്ഷ സമർപ്പിച്ചത്. ജെ.എൻ.യുവിൽ കമ്പ്യൂട്ടർ ആൻഡ്​ സിസ്​റ്റം സയൻസസ്​ പ്രൊഫസറായിരിക്കേയാണ്​ വി.സിയായി നിയമിതയാകുന്നത്​. .

​റാഞ്ചിയിലെ ​ഗോസ്നർ കോളേജ് സ്ഥാപകനും ​ഗോ​ത്രഭാഷയായ കുടുഖ് ഭാഷയ്ക്ക് നൽകിയ സമ​ഗ്രസംഭവാനകളെ മാനിച്ച് 2016 ല‍െ ഭാഷാ സമ്മാൻ ലഭിച്ച വ്യക്തിയുമായ ബിഷപ്പ് എമിരറ്റസ് നിർമ്മൽ മിൻസിന്റെ മകളാണ് സോനാഝാര്യ മിൻസ്. ഓറിയോൺ ​ഗോത്രവർ​ഗക്കാരുടെ ഭാഷയാണ് കുടുഖ്. സോനാചാര്യയുടെ പിതാവ് ആ​ദിവാസി ഭാഷകൾ പഠിപ്പിക്കുന്ന അധ്യാപകൻ കൂടിയായിരുന്നു.  

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സോനാഝാര്യ നേരെ പോയത് ഉപരിപഠനത്തിനായിരുന്നു. ചെന്നൈയിലെ വുമൺ ക്രിസ്ത്യൻ കോളേജിൽ നിന്ന് ​ഗണിതത്തിൽ ബിരുദം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം. പിന്നീടാണ് കംപ്യൂട്ടർ പഠനത്തിനായി ദില്ലിയിലെ ജെഎൻയുവിൽ എത്തുന്നത്. 1986 ൽ. കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡിയും എംഫില്ലും നേടി. ​ഗണിതത്തിൽ നിന്ന് പെട്ടെന്ന് കംപ്യൂട്ടറിലേക്കുള്ള ചുവടുമാറ്റം ചെറിയ രീതിയിൽ ബുദ്ധിമുട്ടിച്ചിരുന്നു എന്ന് സോനാഝാര്യ പറയുന്നു.  

1992 ലാണ് അധ്യാപികയായി ജെഎൻയുവിലെത്തുന്നത്. പത്ത് വർഷങ്ങൾക്ക് മുമ്പ് വരെ കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ദില്ലിയിലെ ലോക്കൽ ​ഗാർഡിയനായിരുന്നു സോനാഝാര്യ. 2018 -19 കാലയളവിൽ ജെഎൻയു ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആയി.. ജെഎൻയുവിലെ സീറ്റ് വെട്ടിക്കുറയ്ക്കൽ, നിർബന്ധിത ഹാജർ, ഓൺലൈൻ എൻട്രൻസ് എക്സാം എന്നിവ നടപ്പിൽ വരുത്താനുള്ള നീക്കത്തിനെതിരെ അധ്യാപകരും വിദ്യാർത്ഥികളും സമരത്തിനിറങ്ങിയത് സോനാചാര്യയുടെ കാലത്തായിരുന്നു. 

ഈ വർഷം ജനുവരിയിൽ ജെഎൻയുവിൽ നടന്ന സംഘർഷത്തിൽ കല്ലേറിൽ സോനാഝാര്യ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്ക് പരിക്കേറ്റിരുന്നു ''ഏതൊരു അധികാരവും സത്യത്തിലും നീതിയിലും ഉറച്ചതായിരിക്കണം എന്നാണ് എന്റെ നിലപാട്. സത്യത്തെ മറച്ചുവയ്ക്കാനോ വളച്ചൊടിക്കാനോ സാധിക്കില്ല. നീതി നടപ്പിലാക്കുന്നതിൽ നിന്ന്  ഒഴിഞ്ഞുമാറാനും സാധിക്കില്ല.'' സോനാഝാര്യയുടെ വാക്കുകൾ. 

ലോക്ക് ഡൗൺ കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രവര്‍ത്തിച്ചാണ് സോനാഝാര്യ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്. ഝാര്ഡഖണ്ഡ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ രാഷ്ട്രീയക്കാർക്കും സാമൂഹിക പ്രവർത്തകർക്കും സോനാചാര്യയുടെ ഫോൺവിളിയെത്തി. തിരുപ്പൂരിലെ വസ്ത്രനിർമ്മാണ യൂണിറ്റിൽ കുടുങ്ങിപ്പോയ 141 സ്ത്രീകൾക്ക് വേണ്ടിയാണ് അവർ ഇവരെയെല്ലാം വിളിച്ചത്. ഒടുവിൽ മെയ് 23 ഇവരെല്ലാം സ്വന്തം വീടുകളിൽ തിരികെയെത്തി. 

''ഒരു വലിയ ജനതയാണ് ഇപ്പോൾ തങ്ങളുടെ വീടുകളിലേക്ക് തിരികെയെത്തിയിരിക്കുന്നത്. അവരുടെ കഴിവുകൾ രേഖപ്പെടുത്തി വക്കാനുള്ള സംവിധാനം സര്‍ക്കാര്‍ സൃഷ്ടിക്കണം. അവർക്ക് ജോലി നൽകാനും അതുവഴി മാന്യമായ ജീവിതം നയിക്കാനും സാധിക്കും. ആശ്വാസത്തിനേക്കാൾ പ്രാധാന്യം പുനരധിവാസത്തിനാണ്. ഇപ്പോൾ ഞങ്ങൾ അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.'' സോനാഝാര്യ മിൻസ് പറയുന്നു.