Asianet News MalayalamAsianet News Malayalam

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ഫെബ്രുവരി  27 മുതൽ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ മാതൃക പരീക്ഷ നടത്തും. മെയ് 10ന് ഉള്ളിൽ ഫല പ്രഖ്യാപനം നടത്തും.

sslc plus two examination dates education minister v sivankutty announced
Author
First Published Nov 24, 2022, 10:51 AM IST

തിരുവനന്തപുരം: എസ്എസ്എൽസി,  പ്ലസ് ടു പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എസ്എസ്എൽസി മാതൃകാ പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതും. എസ്എസ്എൽസി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളിൽ പ്രഖ്യാപിക്കുകയും ചെയ്യും. എസ്എസ്എൽസിയ്ക്ക് 70 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഒമ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകർ ഈ ക്യാമ്പുകളിൽ മൂല്യനിർണ്ണയത്തിനായി എത്തും.

അതേസമയം, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ  2023 മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മാതൃകാ പരിക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും. രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ഫെബ്രുവരി 1 നും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്. രാവിലെ 9.30നാണ് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നടത്തുക. മാതൃക പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങൾ തീർക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും. രണ്ടാം വർഷ ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറിയ്ക്ക് 82 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഇരുപത്തിനാലായിരത്തോളം അധ്യാപകർ മൂല്യനിർണ്ണയത്തിൽ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 8 മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടാവും.‌ അതിൽ മൂവായിരത്തി അഞ്ഞൂറ് അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കും.

അധ്യാപക പരിശീലനം

പുതിയ രീതിയിലുള്ള ഹയർ സെക്കണ്ടറി അധ്യാപക പരിശീലനം 2017-18 അദ്ധ്യയന വർഷത്തിൽ ആരംഭിച്ചിരുന്നു. 2017-18, 2018-19 അദ്ധ്യയന വർഷങ്ങളിൽ മൂവായിരത്തോളം അധ്യാപകർക്ക് പരിശീലനം നൽകി. കൊവിഡ് മൂലം ഈ പരിശീലനം തടസ്സപ്പെട്ടിരുന്നു. ഇത് 2022 ഡിസംബർ മാസം പുനരാരംഭിക്കുകയാണ്.  

അധ്യാപക ശാക്തീകരണം അധ്യാപകരുടെ ഗവേഷണ തൽപരത വർദ്ധിപ്പിക്കൽ അതുവഴി ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക ഇതാണ് ഈ പരിശീലന പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് ഇതിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഓരോ വിഷയത്തിനും ഗവേഷണ സൗകര്യമുള്ള കോളേജുകളിലും സർവ്വകലാശാല ഡിപ്പാർട്ട്‌മെന്റുകളിലുമാണ് ഈ പരിശീലന പരിപാടി നടക്കുന്നത്.

കോളേജിൽ അതാത് വിഷയങ്ങളിലെ വകുപ്പ് മേധാവി, ഫാക്കൽറ്റി മെമ്പർ ആണ് ഇതിന്റെ പ്രോഗ്രാം കോർഡിനേറ്റർ. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഓരോ വിഷയത്തിന്റെയും കോർഡിനേറ്ററും കോഴ്‌സ് മേൽനോട്ടത്തിന് ഉണ്ടാകും. രണ്ടുപേരും സംയുക്തമായാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കേരള സർവകലാശാല, കുസാറ്റ്, ഐസർ എന്നിവിടങ്ങളിലെ ഡിപ്പാർട്ട്‌മെന്റുകളും കോഴ്‌സ് നടത്താൻ സമ്മതം അറിയിച്ചിട്ടുണ്ട്. എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ 2022 നവംബർ 8, 9, 10 തീയതികളിൽ ശിൽപ്പശാല സംഘടിപ്പിച്ച് മൊഡ്യൂൾ തയ്യാറാക്കി കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios